ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച.തിരു.: കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ആദ്യ എഡിഷൻ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും 2026 ഫെബ്രുവരി 22ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് കോളേജ് വിഭാഗം മത്സരവും ഉച്ചക്ക് 1.30ന് സ്കൂൾ വിഭാഗം മത്സരവും നടക്കും. സ്കൂൾ, കോളേജ് വിഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി മത്സരത്തിൽ പങ്കെടുത്തത്. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ ക്വിസ് ഷോയായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി എന്നിവർ വിശിഷ്ടാതിഥികളാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് സ്വാഗതം ആശംസിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, കോളേജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർ കെ. സുധീർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ ആശംസകൾ നേരും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജി. സന്തോഷ് നന്ദി അറിയിക്കും.
സ്കൂൾ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളേജ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും ക്യാഷ് അവാർഡായി നൽകും. ഇതോടൊപ്പം പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
0 Comments