'മുഖ്യമന്ത്രി ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി, പാർട്ടിയിൽ അടിമത്തം'; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. യുദ്ധപ്രഖ്യാപനവുമായി അൻവർ.
നിലമ്പൂർ: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി. അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.വി. അൻവര്‍ തുറന്നടിച്ചത്.
കേരളത്തിലെ പൊതു സമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പി.വി. അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.
കരിപ്പൂർ എയർപോർട്ട് സ്വർണ്ണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അൻവർ ചോദിച്ചു. പി. ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം.ആർ. അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അൻവർ ചോദിച്ചു. പിണറായി എന്ന സൂര്യൻ അണഞ്ഞതായി പി.വി. അൻവർ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമാക്കി വികൃതമാക്കുന്നത് പി. ശശിയെന്ന കാട്ടുകള്ളെനെന്നും അൻവർ. സിപിഎമ്മിൽ അഭിപ്രായസ്വാതന്ത്ര്യമില്ല. പാർട്ടി സഖാക്കൾക്ക് മിണ്ടാൻ പാടില്ല. ഉന്നതനേതാക്കൾക്ക് എന്ത് അഴിമതിയും കാണിക്കാമെന്നും അൻവർ പറഞ്ഞു.
പൂരം കലക്കിയത് എഡിജിപി അജിത് കുമാറിന് മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടാണ്. പൊതു പ്രവർത്തകന് ഒരു വിഷയത്തിലും ഇടപെടാൻ കഴിയില്ലെന്നതാണ് എട്ടു വർഷത്തെ പിണറായി ഭരണനേട്ടം. മുഹമ്മദ് റിയാസിനെ വളർത്താനല്ല മാർക്സിസ്റ്റു പാർട്ടി. ഒരു റിയാസ് മാത്രം നിലനിന്നാൽ മതിയോ എന്ന് സഖാക്കൾ ആലോചിക്കണം പിണറായി അവസാനത്തെ സിപിഎം മുഖ്യമന്ത്രിയെന്നും പത്രസമ്മേളനത്തിൽ അൻവർ പരിഹസിച്ചു
ക്യാപ്റ്റൻ ഇപ്പോൾ ഹാൻഡികാപ്ഡ് ആയെന്നാണ് പിണറായിക്കെതിരെ അൻവറിൻ്റെ പരിഹാസം. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്ന് അൻവർ പറഞ്ഞു.
0 Comments