നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്.
കണ്ണൂർ: എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമെന്നും ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയുമില്ല, അനധികൃത ഇടപെടലുമുണ്ടായിട്ടില്ല, കൈക്കൂലി വാങ്ങിയതിന് തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിവസം നടന്ന ഒരു കാര്യങ്ങളും യാദൃശ്ചികമല്ലെന്നും എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്നുമാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ഇടപെടല്‍ നടത്തിയത് പി.പി. ദിവ്യ തന്നെ എന്നും വ്യക്തമാകുന്ന വിശദാംശങ്ങളാണ് പുറത്തുവന്നത്. എഡിഎമ്മിനെ അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിത നീക്കം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. കലക്ടറുടെ ഓഫീസില്‍ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ഉറപ്പിച്ചിരുന്നു എന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടി ചിത്രീകരിക്കാന്‍ കണ്ണൂര്‍ വിഷന്‍ ചാനലിനോട് നിര്‍ദ്ദേശിച്ചതും പി.പി. ദിവ്യ തന്നെ. തുടര്‍ന്ന് ഈ ദൃശ്യങ്ങളും ദിവ്യ ശേഖരിച്ചതായും കണ്ണൂര്‍ വിഷന്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയ്യാറായിരുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനാല്‍ പുറത്ത് വിടില്ല എന്നായിരുന്നു പറഞ്ഞിരുന്ന കാരണം.
0 Comments