കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് -2024 പ്രഖ്യാപിച്ചു. തിരു.: കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് -2024 ഏഴു പേർക്ക്. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം. പുരസ്കാരം ആഗസ്റ്റ് മാസം നടക്കുന്ന മാധ്യമ കോൺക്ലേവിൽ വച്ച് സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.
മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിൻ്റ് എഡിറ്റർ പി.ഐ. നൗഷാദിന് ലഭിക്കും. 'കോളനി പടിക്കു പുറത്ത് ' എന്ന എഡിറ്റോറിയലാണ് അവാർഡിന് അർഹനാക്കിയത്. ഡോ. സെബാസ്റ്റ്യൻ പോൾ, എസ്.ഡി. പ്രിൻസ്, ഡോ. നീതു സോന എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
മികച്ച ഹ്യൂമൻ ഇൻറസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ജില്ലാ ലേഖകൻ ആർ. സാംബന് ലഭിക്കും. 'കരികൾക്ക് കലികാലം' എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. എം.പി. അച്ചുതൻ, ശ്രീകുമാർ മുഖത്തല, ആർ. പാർവ്വതി ദേവി എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി പത്രാധിപസമിതിയംഗം നീനു മോഹനാണ് ലഭിക്കുക. 'കുലമിറങ്ങുന്ന ആദിവാസി വധു ' എന്ന പരമ്പരയാണ് നീനുവിനെ അവാർഡിന് അർഹയാക്കിയത്. കെ.വി. സുധാകരൻ, കെ.ജി. ജ്യോതിർഘോഷ്, ഡോ. എ.ജി. ഒലീന എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മലയാള മനോരമ ദിനപ്പത്രത്തിലെ പൊന്നാനി ലേഖകന്‍ ജീബീഷ് വൈലിപ്പാട്ട് അര്‍ഹനായി. 'അരിച്ചെടുത്ത് ദുരിതജീവിതം' എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വിധു വിൻസൻ്റ്, പി.വി. മുരുകന്‍, വി.എം. അഹമ്മദ് എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.
വയനാട് ചുരല്‍മല ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കൈക്കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തുന്ന ദുരന്തമുഖത്തു നിന്നുള്ള ചിത്രം പകര്‍ത്തിയ മലയാള മനോരമയിലെ ജിതിന്‍ ജോയല്‍ ഹാരിമിനാണ് കേരള മീഡിയ അക്കാദമിയുടെ ഫോട്ടോഗ്രഫി അവാര്‍ഡ്. പ്രമുഖ ചലച്ചിത്രകാരന്‍ ടി.കെ. രാജീവ് കുമാര്‍, ബി. ജയചന്ദ്രന്‍, യു.എസ്. രാഖി എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് മാത്യഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ബിജു പങ്കജിന് ലഭിക്കും. മലയാളി വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കടല്‍പ്പശു സംരംക്ഷണത്തെ കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. മാതൃഭൂമി ന്യൂസിലെ സൗമ്യ ആര്‍.കെ. സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. പാര്‍ശ്വവത്കൃതമായ ഗ്രാമീണ ജനതയ്ക്ക് നിഷേധിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിന് പകരം സാരി നല്‍കി പ്രീണിപ്പിക്കാന്‍ ശ്രമിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച ഒരു വനിതയെ ഫീച്ചര്‍ ചെയ്യുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ന്യൂസ് സ്റ്റോറിയാണ് ഇവരെ അവാർഡിന് അർഹയാക്കിയത്. മുൻ ഡിജിപി എ. ഹേമചന്ദ്രന്‍ ഐപിഎസ്, ബൈജു ചന്ദ്രന്‍, ഡോ. മീന ടി. പിള്ള എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
0 Comments