കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം.
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. എന്നാൽ, പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരുമണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന് ആവർത്തിച്ച പ്രതി, തന്നെ ഉപദ്രവിച്ചുവെന്നും കോടതിയോട് പറഞ്ഞു. തന്നെ പൊലീസ് ക്രൂരപീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു.
2024 ഓഗസ്റ്റ് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ 31കാരിയായ പിജി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്‌ടർ ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കൊൽക്കത്ത പൊലീസിൽ സിവിൽ വോളന്റിയറായി പ്രവർത്തിച്ചിരുന്ന ആളാണ് പ്രതി. ജീവനക്കാരൻ അല്ലാതിരുന്നിട്ടും ഡോക്‌ടർ ജോലി ചെയ്തിരുന്ന ആശുപത്രി ക്യാമ്പസിൽ ഇയാൾ പതിവായി എത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം 2019ലാണ് കൊൽക്കത്ത പൊലീസിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രൂപ്പിൽ സന്നദ്ധപ്രവർത്തകനായി റോയി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് പൊലീസ് വെൽഫെയർ സെല്ലിലേയ്ക്ക് മാറി. തുടർന്നാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് ഔട്ട്‌പോസ്റ്റിലേയ്ക്ക് മാറിയത്. ആശുപത്രിയിൽ പ്രവേശനം ലഭിക്കാൻ പണം ഈടാക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. സംഭവദിവസം രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്നമായ നിലയിലാണ് ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടർ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വൻപ്രതിഷേധമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജയ് റോയി പിടിയിലായത്. കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. ഡോക്‌ടറുടെ കുടുംബം ഉൾപ്പെടെ നിരവധി പേർ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.
ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ക്രൂരപീഡനം നടന്നതെന്നാണ് റിപ്പോർട്ടുകൾ. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശക്തിയായി കഴുത്ത് ഞെരിച്ചതിനാൽ തൈറോയ്‌ഡ് തരുണാസ്ഥി (തൈറോയ്‌ഡ് കാർട്ടിലേജ്) തകർന്നു. പ്രതിയുടെ വികൃതമായ ലൈംഗിക ആസക്തി, ജനനേന്ദ്രിയത്തിലെ അതിക്രൂരമായ പീഡനം എന്നിവ മൂലം യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതായും നാല് പേജുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
0 Comments