അദ്ധ്യാപകനെതിരെ നല്‍കിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തി യുവതി; നിയമം എന്തു ചെയ്യുമെന്ന് കാത്ത് സമൂഹം. കോട്ടയം: ഏഴു വർഷം മുമ്പ് അദ്ധ്യാപകനെതിരെ നല്‍കിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തി യുവതി. ആയാംകുടി മധുരവേലി സ്വദേശി സി.ഡി. ജോമോനെതിരായ പീഡന പരാതിയാണ് എറണാകുളം സ്വദേശിനിയായ യുവതി പിൻവലിച്ചത്. അദ്ധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തിയ യുവതി, കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തു.
കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തുകയായിരുന്നു ജോമോൻ. 2017ലാണ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിനി ആയിരുന്ന യുവതി ജോമോനെതിരെ വ്യാജപീഡന പരാതി നല്‍കുന്നത്. പരിശീലനത്തിനായി കൊണ്ടുപോകും വഴി പീഡിപ്പിച്ചെന്നായിരുന്നു വ്യാജ പരാതിക്കാരിയുടെ പരാതി. ഇതിന് പിന്നാലെ ജോമോന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടു. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ല നിലയിൽ നടന്നു വന്നിരുന്ന സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും ജോമോനെ കുറ്റവാളിയായി കാണുകയും അകറ്റിനിർത്തുകയും ചെയ്തു. സ്ഥാപനം പൂട്ടിയതോടെ വരുമാനമാർഗ്ഗം ഇല്ലാതായ ജോമോൻ, കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. സമൂഹത്തിൽ നിന്ന് ആട്ടും തുപ്പും പേറി നരകജീവിതം നയിച്ചു വരുകയായിരുന്നു.
ഈയിടെയാണു ഭർത്താവിനോടൊപ്പം സുഖമായി ജീവിക്കുന്ന വ്യാജപരാതിക്കാരി ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്നു ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയില്‍ പീഡന പരാതി നല്‍കിയതാണെന്നും സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെണ്‍കുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയില്‍ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു.
അതേസമയം, വ്യാജ പരാതിയിൽ ഒരാളുടെ ജീവിതം നശിപ്പിച്ച കുറ്റവാളിയ്ക്കെതിരേ നമ്മുടെ നിയമം എന്തു നടപടി സ്വീകരിക്കുമെന്നാണ് സമൂഹം ഉറ്റുനോക്കുന്നത്. വ്യാജ മൊഴി നൽകി കുറ്റവാളിയ്ക്ക് എതിരേ എന്തു നടപടി സ്വീകരിക്കും ? ചിലരുടെ പ്രേരണയാലാണ് വ്യാജ പരാതി നൽകിയതെന്ന് വ്യാജപരാതിക്കാരി പറയുമ്പോൾ, വ്യാജപരാതി നൽകാൻ പ്രേരിപ്പിച്ചവർക്കെതിരേ എന്തു നടപടി സ്വീകരിക്കും ? ജോമോൻ്റെ സ്ഥാപനം തുറക്കാനും പഴയതുപോലെ പ്രവർത്തിക്കാനുമാകുമോ ? കേസ് നടത്തിപ്പിനായി ചെലവഴിച്ച പണം തിരികെ കിട്ടുമോ ? കുറ്റവാളിയെന്ന നിലയിൽ പോലീസ് മർദ്ദിച്ചിട്ടുണ്ടെങ്കിൽ, അതിന് പരിഹാരമെന്ത് ? കണ്ണുകെട്ടിയ നീതിദേവതയോട് ചോദ്യങ്ങൾ നിരവധിയാണ്.
0 Comments