ഓട്ടോ തൊഴിലാളികളടക്കം 15 കുടുംബങ്ങൾ മാണി ഗ്രൂപ്പിൽ നിന്നും രാജിവച്ച് ജോസഫ് വിഭാഗത്തിൽ ചേർന്നു.
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിന് ഓട്ടോ റിക്ഷാ ചിഹ്നം ലഭിച്ചപ്പോൾ, ഭരണങ്ങാനം അളനാട്ടിലെ ഓട്ടോ തൊഴിലാളികൾ അടക്കം 15 കുടുംബങ്ങൾ മാണി ഗ്രൂപ്പിൽ നിന്നും രാജിവച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചേർന്നു. നേരത്തെ പിറവത്ത് നിന്നും കെടിയുസി തൊഴിലാളി കുടുംബങ്ങൾ മാണി ഗ്രൂപ്പിൽ നിന്നും രാജിവച്ച് ജോസഫ് വിഭാഗത്തിൽ ചേർന്നിരുന്നു.
കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് രാജിവെച്ച പ്രവർത്തകരെ കേരളാ കോൺഗ്രസ് പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗവും കേരള ഐറ്റി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ അപു ജോൺ ജോസഫ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. മാണി ഗ്രൂപ്പിൽ നിന്ന് കൂട്ടരാജി വെച്ചുവന്ന പ്രവർത്തകരെ കേരളാ കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിനു നേതൃത്വം നൽകിയ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റും കേരളാ ഐറ്റി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററുമായ ഡോ. അമൽ ടോം കോലോത്തിനെ അപു ജോൺ ജോസഫ് പ്രത്യേകമായി അഭിനന്ദിച്ചു.
ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രഗവണ്മെന്റിനെതിരെയുള്ള വിധിയെഴുത്തിനേക്കാളുമുപരി എൽഡിഎഫിന്റെ ജനദ്രോഹ പ്രവർത്തനങ്ങൾക്കുള്ള ജനത്തിന്റെ മറുപടി ആയിരിക്കും. കേരളത്തിലെ അബാലവൃത്തം ജനങ്ങളും ഇടതുപക്ഷ ഭരണം കൊണ്ടു നട്ടം തിരിഞ്ഞിരിക്കുകയാണെന്നും, കേരള ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുകയാണെന്നും അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു. ഇടതുപക്ഷ സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ പൊതുസ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച് ചെന്നപ്പോൾ വോട്ടർമാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ പകച്ചുനിൽക്കുന്നത് നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്, കേരളത്തിലെ ഓരോ ഇടത് സ്ഥാനാർത്ഥികളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ കർഷകർക്ക് നൽകുമെന്ന് പറഞ്ഞ ആനുകൂല്യങ്ങൾ നൽകാനാവാത്ത എൽഡിഎഫിന് ജനം എന്തിന് വോട്ട് കൊടുക്കണമെന്ന് അപു ജോൺ ജോസഫ് ചോദിച്ചു. മാണി ഗ്രൂപ്പിൽ നിന്നും രാജിവച്ച് ജോസഫ് വിഭാഗത്തിൽ ചേർന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അപു ജോൺ ജോസഫ്.
കേരളാ കോൺഗ്രസ് ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് റിജോ ഒരപ്പുഴിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് പാർട്ടി പാലാ നിയോജക മണ്ഡലം പ്രസിഡൻ്റും ഉന്നതാധികാര സമിതി അംഗവുമായ ജോർജ് പുളിങ്കാട്, പാർട്ടി ഉന്നതാധികാര സമിതി അംഗം തോമസ് ഉഴുന്നാലി, ബാബു മുകാല, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ടും കേരള ഐടി ആൻ്റ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റുമായ ഡോ. അമൽ ടോം കോലോത്ത്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments