'തട്ടും മുട്ടും' കൂടുന്നു; തീവണ്ടികളിലെ ലേഡീസ് കോച്ചുകളിൽ കൂടുതൽ ശ്രദ്ധ നൽകാൻ പോലീസിന് നിർദ്ദേശം.
പാലക്കാട്: തീവണ്ടികളിലെ ലേഡീസ് കോച്ചുകളിൽ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയിൽവേ പോലീസിന്റെ നിർദ്ദേശം. ലേഡീസ് കോച്ചുകളിൽ യാത്ര ചെയ്യുന്ന വനിതായാത്രക്കാരെ ഇവർ ബോധപൂർവ്വം തട്ടിയും മുട്ടിയും ശല്യം ചെയ്ത് കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.
വനിതാ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ജാഗ്രതയോടെ ഡ്യൂട്ടി ചെയ്യാൻ ബീറ്റ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. അറിഞ്ഞും അറിയാതെയും ലേഡീസ് കോച്ചിൽ കയറുന്ന യാത്രക്കാരുമുണ്ട്. വനിതാ യാത്രക്കാർക്ക് ആത്മധൈര്യം നൽകാൻ തീവണ്ടികളിൽ വനിതാ പോലീസുകാർ കുറവാണ്. സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിലായി 36 വനിതാ പോലീസുകാർ മാത്രമാണുള്ളത്. കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ നാലുപേർ. ആർപിഎഫിന് കാസർകോട് ആരുമില്ല. കണ്ണൂരിൽ ഏഴു പേർ മാത്രം. കണ്ണൂർ ആർപിഎഫ് പരിധിയിൽ 30 ഉദ്യോഗസ്ഥരാണുള്ളത്.
ഈ വർഷം മോഷണം ഉൾപ്പെടെ 910 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രൈം പ്രിവെൻഷൻ ആൻഡ് ഡിറ്റെക്ഷൻ സ്‌ക്വാഡ് (സിപിഡിഎസ്) അടക്കം തീവണ്ടികളിൽ നിരീക്ഷണം നടത്തുന്നത് മാത്രമാണ് ആശ്വാസം. ലേഡീസ് ബറ്റാലിയൻ രൂപവത്കരിക്കാനുള്ള ആലോചന പാതിവഴിയിലാണ്. ഒറ്റയ്ക്കുള്ള യാത്രയിൽ വനിതകളെ സഹായിക്കാൻ റെയിൽവേ നടപ്പാക്കിയ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി ഇപ്പോൾ കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
ടിടിഇമാർ അക്രമിക്കപ്പെടുമ്പോൾ, കോച്ചുകളിലെ തിരക്കും തർക്കവും റെയിൽവേ കാണാതിരിക്കരുതെന്ന് യാത്രക്കാർ പറയുന്നു. പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകുന്നില്ല. ദുരിതത്തിനൊപ്പം അവഹേളനവും സഹിക്കാൻ വയ്യെന്ന് സ്ത്രീ യാത്രക്കാർ പറയുന്നു. ടിക്കറ്റ് ചോദിച്ചാൽ വനിതാ പരിശോധകരെ പോലും അക്രമിക്കുന്നതായി ടിടിഇമാരും പറയുന്നു.
യാത്രക്കാരെ സഹായിക്കാൻ റെയിൽവേ നിയമിച്ച ട്രെയിൻ 'ക്യാപ്റ്റൻ'മാരെ പുനഃസ്ഥാപിക്കണമെന്നും പകൽ ഡി-റിസർവ്ഡ് കോച്ചുകൾ കൂട്ടണമെന്നും ആവശ്യമുയരുന്നു. മലബാർ എക്സ്പ്രസിൽ (16629) ഡി-റിസർവ്ഡ് കോച്ച് ഒന്നു മാത്രമാണുള്ളത്. നേത്രാവതി എക്സ്പ്രസിൽ സ്ലീപ്പർ കോച്ച് എട്ടെണ്ണമായി കുറഞ്ഞു. മംഗള എക്സ്പ്രസിൽ ഏഴ് സ്ലീലീപ്പർ കോച്ചുകളേയുള്ളൂ. ജനറൽ കോച്ച് ആണെങ്കിൽ, ആകെ രണ്ടെണ്ണം മാത്രം. കൂടുതൽ മെമു സർവീസുകൾ തുടങ്ങണമെന്നും ജനറൽ കോച്ചുകൾ വർദ്ധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉത്തരമില്ലാതെ തുടരുകയാണ്.
0 Comments