വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ മരിച്ചു. മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) മരിച്ചു. ബാരാമതി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ സ്വകാര്യ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45ഓടെയായിരുന്നു സംഭവം. അപകടത്തിൽ അംഗരക്ഷകരും പിഎയും ഉൾപ്പെടെ എല്ലാവരും മരിച്ചു.
2024 ഡിസംബർ 5 മുതൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻസിപി നേതാവാണ് അജിത് പവാർ. എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിൻ്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിൻ്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22ന് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളേജിൽ പോയെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.
1982ൽ പൂനെ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായാണ് പൊതുരംഗ പ്രവേശനം. 1991 മുതൽ 2007 വരെ പൂനെ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം രാജിവച്ചു. 1991ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത്, പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിൻ്റെ മന്ത്രിയായി. 2010ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ-മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രിഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ-മുഖ്യമന്ത്രിയായി.
0 Comments