സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, റിസര്‍വ് ബാങ്കിന്റെ ജാഗ്രതാ നിര്‍ദ്ദേശം വീണ്ടും.
ന്യൂഡൽഹി: വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരിനോടു കൂടി ബാങ്ക് എന്ന് വാക്ക് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു. ഇതിനുമുമ്പ് പലവട്ടം റിസര്‍വ് ബാങ്ക് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതാണ്. കഴിഞ്ഞ ദിവസം വീണ്ടും ഇതു സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗീകാരമുള്ള അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക പരിശോധിക്കാനായി പ്രത്യേക ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.
2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമ പ്രകാരം സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്നു. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ലംഘിച്ച് ബാങ്കിംഗ് ബിസിനസിനു തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ആ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷ്വറന്‍സ് ലഭ്യമല്ല. ഇത്തരം സഹകരണസംഘങ്ങള്‍ ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കില്‍, ജാഗ്രത പാലിക്കാനും നിക്ഷേപം നടത്തും മുമ്പ് ആര്‍ബിഐ നല്‍കിയ ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
0 Comments