Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജന്‍ കീ ബാത് സര്‍വ്വേ എക്‌സിറ്റ് പോള്‍ ഫലപ്രകാരം കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം.

ജന്‍ കീ ബാത് സര്‍വ്വേ എക്‌സിറ്റ് പോള്‍ ഫലപ്രകാരം കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം.


ന്യൂഡല്‍ഹി: ജന്‍ കീ ബാത് സര്‍വ്വേ എക്‌സിറ്റ് പോള്‍ ഫലപ്രകാരം കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 14 മുതല്‍ 17 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ ലഭിക്കും. എന്‍ഡിഎ ഒരു സീറ്റു വരെ നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

        ഇന്ത്യ ടിവി - സിഎന്‍എക്‌സ് സര്‍വ്വേ എക്‌സിറ്റ് പോള്‍ ഫലപ്രകാരവും കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. യുഡിഎഫിന് 13 മുതല്‍ 15 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ നേടും. എന്‍ഡിഎ ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

            ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതും കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈയെന്നാണ്. യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് പൂജ്യം മുതൽ ഒന്ന് വരെയും എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

       എബിപി ന്യൂസ് -സീ വോട്ടര്‍ സര്‍വേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതും കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയാണ്. യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് കിട്ടുമെന്നും എല്‍ഡിഎഫിന് സീറ്റൊന്നും കിട്ടില്ലെന്നും പ്രവചനമുണ്ട്. ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

        ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലപ്രകാരവും ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. യുഡിഎഫിന് 14 മുതല്‍ 15 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് നാല് സീറ്റും. ബിജെപി ഒരു സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.     

റിപ്പോര്‍ട്ടര്‍ പ്രീപോള്‍ സര്‍വ്വേ ഫലം

        കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുന്നതായിരുന്നു റിപ്പോര്‍ട്ടറിന്റെ പ്രീപോള്‍ സര്‍വ്വേ. യുഡിഎഫ് 15 സീറ്റുകള്‍ നേടുമെന്നും എല്‍ഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിക്കുമെന്നുമാണ് സര്‍വ്വേ വ്യക്തമാക്കിയത്. ബിജെപിക്ക് ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്നും അഭിപ്രായ സര്‍വ്വേ പ്രവചിച്ചു. യുഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടും. ഈ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും പ്രീപോള്‍ സര്‍വ്വേ പ്രവചിച്ചു. അതേസമയം, എല്‍ഡിഎഫിന് 2019ല്‍ ലഭിച്ച ഏകസീറ്റായ ആലപ്പുഴ ഇത്തവണ യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും ഭൂരിപക്ഷാഭിപ്രായമുണ്ടായിരുന്നു. 2019ല്‍ എല്‍ഡിഎഫിന്റെ കൈയ്യില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത കാസര്‍കോട്, കണ്ണൂര്‍, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍ എന്നിവ എല്‍ഡിഎഫ് തിരിച്ചു പിടിക്കും. അതേസമയം, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങള്‍ ഇത്തവണയും യുഡിഎഫ് നിലനിര്‍ത്തും. 2019ല്‍ യുഡിഎഫിന്റെ ഭാഗമായി കോട്ടയത്ത് നിന്നും മത്സരിച്ച് ജയിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇത്തവണ പാളയം മാറി ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് പരാജയമാണെന്നും റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ പ്രവചിക്കുന്നു. ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തൃശ്ശൂരും തിരുവനന്തപുരത്തും ഇത്തവണയും ബിജെപി വിജയിക്കില്ലെന്നും സര്‍വ്വേ പറയുന്നു. കൊല്ലം, ആറ്റിങ്ങല്‍, മലപ്പുറം, വയനാട്, പൊന്നാനി, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, എറണാകുളം, കോട്ടയം, ആലത്തൂര്‍, തിരുവനന്തപുരം, തൃശൂര്‍, മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയം നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കാസര്‍കോട്, മാവേലിക്കര, പത്തനംതിട്ട, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വേ. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ സര്‍വേ തയ്യാറാക്കിയത്.

     2019ലെ ലോകസ്ഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമായിരുന്നു. മത്സരം നടന്ന 20 മണ്ഡലങ്ങളില്‍ 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ആലപ്പുഴയില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,485 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ എ.എം. ആരിഫ് മാത്രമാണ് കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫിന്റെ ഏക ലേക്സഭാംഗം. രാഹുല്‍ ഗന്ധി ഇംപാക്ട്, ശബരിമല വിഷയം എന്നിവയെല്ലാം ഇടതിന് തിരിച്ചടിയായി എന്നതായിരുന്നു തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, വടകര എന്നീ മണ്ഡലങ്ങളിലടക്കം യുഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അട്ടിമറി വിജയം കൊയ്യുകയായിരുന്നു. എന്നാൽ, ഇക്കുറി ലോകസ്ഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വിജയം കൊയ്ത് തിരിച്ചുവരാമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടല്‍. 12നടുത്ത് സീറ്റ് ഇക്കുറി നേടുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. എന്നാല്‍, സംസ്ഥാന ഭരണത്തിന്റെ ജനവിരുദ്ധ വികാരം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ 20 മണ്ഡലങ്ങളിലും ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഇതിനിടെ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തൃുശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ബിജെപി വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് വടകര മണ്ഡലത്തിലാണ്. വടകരയിലെ ഫലപ്രഖ്യാപനം കേരളം ഉറ്റുനോക്കുന്നതാണ്.


Post a Comment

0 Comments

Ad Code

Responsive Advertisement