കോട്ടയം: കോട്ടയം ജില്ല രൂപീകൃതമായതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിനു കളക്ട്രേറ്റിൽ തുടക്കമായി. ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും ആഘോഷങ്ങൾക്കു തുടക്കമിട്ടു. കോട്ടയം @ 75 എന്നെഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് മിനി എസ്. ദാസും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കും സബ് കളക്ടർ ഡി. രഞ്ജിത്തും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദും ചേർന്നു മുറിച്ചു. തുടർന്നു ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്ത കേക്കും മുറിച്ചു. അതിനുശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സബ് കളക്ടറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ചേർന്ന് ജില്ലാ പഞ്ചായത്ത് വളപ്പിൽ പ്ലാവ് നട്ടു.
1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നു മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ജില്ലാതല ഉദ്യോഗസ്ഥർ, കളക്ട്രേറ്റ് ജീവനക്കാർ, ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു.
0 Comments