.jpg?$p=6a12f4a&f=16x9&w=1080&q=0.8)
പാലക്കാട്: പരശുറാം എക്സ്പ്രസ് കൃത്യസമയം പാലിക്കാൻ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദ്ദേശം നൽകി.
പരശുറാം എക്സ്പ്രസിൽ ഒരു ബോഗി കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ട്രെയിനിൽ അനുഭവപ്പെടുന്ന തിരക്കിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന പതിവ് തീവണ്ടികളിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേയുടെ ഭാഗത്തു നിന്ന് പ്രായോഗികമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും കമ്മീഷൻ വിമർശിച്ചു.
മംഗലാപുരത്തു നിന്നും രാവിലെ 5.05നാണ് പരശുറാം എക്സ്പ്രസ് യാത്ര ആരംഭിക്കുന്നത്. കണ്ണൂരിൽ 7.07നും കോഴിക്കോട് 8.37നും എത്തിച്ചേരും. സമയം കൃത്യമായി പാലിക്കുകയാണെങ്കിൽ 8.57ന് കാസർകോഡ് നിന്നും യാത്ര ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന് വേണ്ടി പരശുറാം എക്സ്പ്രസ് പിടിച്ചിടേണ്ടി വരില്ലെന്ന യാത്രാക്കാരുടെ ആവശ്യം പരിഗണനാർഹമാണെന്ന് ഉത്തരവിൽ പറയുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കമ്മീഷനെ അറിയിക്കണം. പരശുറാം എക്സ്പ്രസിലെ തിരക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലാപറമ്പ സ്വദേശി പി.ഐ. ജോൺ സമർപ്പിച്ച പരാതിയിലാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ജനറൽ കോച്ചും സ്ത്രീകളുടെ കോച്ചും അനുവദിച്ചിട്ടുണ്ടെന്ന് പാലക്കാട് സീനിയർ ഡിവിഷണൽ റയിൽവേ മാനേജർ കമ്മീഷനെ അറിയിച്ചു. മംഗലാപുരം-കോഴിക്കോട് എക്സ്പ്രസിലും നാല് ജനറൽ കോച്ചുകൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ- കോഴിക്കോട് റൂട്ടിലെ റയിൽവേ പാതയിലെ തിരക്ക് കാരണം പുതിയ തീവണ്ടികൾ അനുവദിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
0 Comments