Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'മതം മാറാൻ നിർബന്ധിച്ചു'; കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്, ആൺസുഹൃത്ത് കസ്റ്റഡിയിൽ.

'മതം മാറാൻ നിർബന്ധിച്ചു'; കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്, ആൺസുഹൃത്ത് കസ്റ്റഡിയിൽ.

കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിനിയായ 23കാരി സോന എൽദോസ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നു. രജിസ്റ്റർ മാര്യേജ് നടത്താമെന്ന വ്യാജേന ആൺസുഹൃത്തിന്റെ പറവൂരിലെ വീട്ടിലെത്തിച്ചു, മതം മാറാൻ നിർബന്ധിച്ചുവെന്നും കുറിപ്പിൽ പറയുന്നു.

     ''ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷെ, അവൻ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയിച്ചു. റമീസ് ചെയ്ത തെറ്റുകൾ അവന്റെ ഉമ്മയും വാപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെ''ന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

''മതം മാറാൻ സമ്മതിച്ച എന്നോട് റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോരാ, തന്റെ വീട്ടിൽ നിൽക്കണമെന്ന് പറഞ്ഞു. ചെയ്ത തെറ്റിന് കുറ്റബോധമൊന്നും റമീസിൽ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് പറഞ്ഞു. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. അപ്പന്റെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു ഞാൻ പോകുന്നു. അമ്മയും ചേട്ടനും ക്ഷമിക്കണം'' എന്ന് സോന ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നു.

      നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് ആൺസുഹൃത്ത് റമീസ്. സോനയും റമീസും കുറച്ചുകാലമായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെ സോനയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ആത്മഹത്യാക്കുറിപ്പ് ലഭിച്ച സാഹചര്യത്തിൽ, സോനയുടെ കുടുംബത്തിന്റെ പരാതിയുടെ കൂടി അടിസ്ഥാനത്തിൽ റമീസിനെതിരെ ആത്മഹത്യാപ്രേരണയ്ക്കും ഉപദ്രവിച്ചതിനും കുറ്റം ചുമത്തുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.

       മൂവാറ്റുപുഴ ഗവണ്മെൻ്റ് ടിടിഐ വിദ്യാർത്ഥിനിയാണ് മരിച്ച സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. കോളജ് പഠനകാലത്ത് സോനയും റമീസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സോനയുടെ സഹോദരൻ പറഞ്ഞു. മതംമാറാൻ അവൾ തയ്യാറായിരുന്നു. അച്ഛൻ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങൾ പറഞ്ഞു. പിന്നെ റമീസിനെ അനാശാസ്യത്തിന്റെ പേരിൽ ലോഡ്ജിൽ നിന്നു പിടിച്ചിരുന്നു. ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും പക്ഷേ, ഇഷ്ടമാണെന്നും അവൾ പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സോനയെ ആലുവയിൽ രജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് റമീസ് കൂട്ടിക്കൊണ്ടുപോയതെന്ന് സഹോദരൻ പറയുന്നു. വീട്ടിൽക്കൊണ്ടുപോയി പൂട്ടിയിട്ട് മർദ്ദിച്ചു. മതംമാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പൊന്നാനിയിൽ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റർ മാര്യേജ് ഉള്ളൂവെന്നും മതം മാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. അയാളുടെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. സോനയുടെ മരണശേഷം റമീസോ മറ്റുള്ളവരോ തങ്ങളെ ബന്ധപ്പെട്ടിട്ട് പോലുമില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement