സർക്കാർ പദ്ധതികൾ ജനങ്ങളുടെ അവകാശം: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.
അങ്കമാലി: കേന്ദ്രഗവൺമെൻ്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണെന്നും ഔദാര്യമായല്ല അത് കാണേണ്ടതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വിവിധ ഭരണകർത്താക്കളും പൊതുജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപെട്ടു. 2047ഓടെ വികസിത രാഷ്ട്രമാക്കാനുള്ള ദൗത്യത്തിൽ രാജ്യത്തെ എല്ലാ പൗരൻമാരും പങ്കാളികളാകണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. അങ്കമാലിയിൽ കേന്ദ്രസർക്കാർ പദ്ധതികളെ കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് ഓഫീസ് നടത്തുന്ന അഞ്ചു ദിവസത്തെ പ്രദർശന - ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 വയസു കഴിഞ്ഞ മുതിർന്ന പൗരന്മാർക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിയിൽ അർഹരായ എല്ലാവരും അംഗങ്ങളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബെഹനാൻ എംപി മുഖ്യാതിഥി ആയിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള - ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിചാമി മുഖ്യപ്രഭാഷണം നടത്തി. സിബിസി കേരള, ലക്ഷദ്വീപ് മേഖല ഡയറക്ടർ പാർവതി വി., സിബിസി എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, ഐസിഡിഎസ് എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ സുധ, മുൻസിപ്പൽ കൗൺസിലർ പോൾ ജോവർ, സിഡിപി മാരായ സൗമ്യ വർഗീസ്, സായാഹ്ന തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെ കുറിച്ചും സംസ്ഥാന ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ അംഗം അഡ്വ. സൂര്യ ക്ലാസ് എടുത്തു. ക്ലീൻ ഇന്ത്യ, ഫിറ്റ് ഇന്ത്യ എന്ന വിഷയത്തിൽ കണ്ടാണശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ് ക്ലാസ് നയിച്ചു. കാർഗിൽ വിജയത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ചു പ്രത്യേക ഫോട്ടോ പ്രദർശനം, കേന്ദ്രാവിഷ്കൃത പദ്ധതികളെ കുറിച്ച് ചിത്രപ്രദർശനം, ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെക്കുറിച്ചുള്ള പ്രദർശനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നവംബർ 11, 12 തീയതികളിൽ നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും 13, 14 തീയതികളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. തപാൽ വകുപ്പിന്റെ ആധാർ ക്യാമ്പ് നവംബർ 14 വരെ നടക്കും. വിവിധ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസും കലാപരിപാടികളും അരങ്ങേറും. നവംബർ 15 വരെയാണ് പ്രദർശനവും ബോധവത്കരണ പരിപാടിയും നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
0 Comments