ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു.
തൃശൂർ: മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ആണ് അന്ത്യം.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ഗാനമാണ്.
1944 മാർച്ച് 3ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. പരേതനായ സുധാകരൻ, പരേതയായ സരസിജ, കൃഷ്ണകുമാർ, ജയന്തി എന്നിവരാണ് സഹോദരങ്ങൾ.
1973 മെയ് മാസത്തിൽ തൃശൂർ സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. ലക്ഷ്മി എന്ന മകളും ദിനനാഥ് എന്ന പുത്രനുമാണുള്ളത്. പുത്രൻ ഏതാനും സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 1986ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സർവ്വ ശരണ്യവിഭോ എന്ന ഗാനത്തിന് ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം 5 തവണ നേടി. 1972ൽ 'പണിതീരാത്ത വീട്' എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന്, 1978ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന്. 2000ൽ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിന്, 2004ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ്... എന്ന ഗാനത്തിന്, 2015ൽ ഞാനൊരു മലയാളി..., മലർവാകക്കൊമ്പത്തെ.., ശാരദാംബരം.. ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ എന്ന ഗാനങ്ങൾക്ക്. 2021ൽ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം 1994-ൽ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്‌വഴി എന്ന ഗാനത്തിന് ലഭിച്ചു. 1997ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ കലൈ മാമണി പുരസ്കാരം നൽകി ആദരിച്ചു.
0 Comments