Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും, സഞ്ജു പുറത്ത്.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും, സഞ്ജു പുറത്ത്.

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചതാണ് സവിശേഷത. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന വിദര്‍ഭ ക്യാപ്റ്റന്‍ കരുണ്‍ നായരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരുണ്ടാവും. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കി. അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തി.
       ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളിലും ഈ ടീം തന്നെ കളിക്കും. ആശങ്കകള്‍ക്ക് വിരാമമിട്ട് ജസ്പ്രിത് ബുമ്രയും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാകുമെന്ന് വാര്‍ത്തകൾ ഉണ്ടായിരുന്നു. എന്നാല്‍, ഇംഗ്ലണ്ടിനെതിരെ ബുമ്ര കളിക്കില്ല. പകരം ഹര്‍ഷിത് റാണ കളിക്കും. മുഹമ്മദ് ഷമിയും സ്‌ക്വാഡില്‍ തിരിച്ചെത്തി. പരിക്കില്‍ നിന്ന് മോചിതനായ കുല്‍ദീപ് യാദവും ടീമില്‍ തിരിച്ചെത്തി. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ദുബായിലാണ്. അടുത്ത മാസം 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം തൊട്ടടുത്ത ദിവസമാണ്. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യ - പാകിസ്ഥാന്‍ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം ഒമ്പതിനും മൂന്നാം ഏകദിനം 12നും നടക്കും. 
      ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, രവിന്ദ്ര ജഡേജ, ഋഷഭ് പന്ത്. 
       ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ട്വൻറ്റി 20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ നയിക്കുന്ന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഈ മാസം 22നാണ് ആദ്യ മത്സരം. 

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍).

Post a Comment

0 Comments

Ad Code

Responsive Advertisement