തൃശ്ശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു കവർച്ച. ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. രണ്ട് ജീവനക്കാരെ ശുചിമുറിയിൽ പൂട്ടിയിട്ടു. കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലി പൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. ഹെൽമറ്റും ജാക്കറ്റും മാസ്കും ധരിച്ചാണ് അക്രമി ബാങ്കിൽ എത്തിയത്. ബാങ്കിലെ സിസിടിവി കാമറയിൽ നിന്ന് ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.
0 Comments