വിമാനത്താവളത്തിലെ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരൻ സുരാജിന്റെ മരണത്തിൽ ദുരൂഹതയെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്ത്. സുരാജിന്റെ മരണത്തിൽ ഭാര്യയുടെ പങ്ക് അന്വേഷിക്കണമെന്നാണ് സുരാജിന്റെ മാതാപിതാക്കളായ സുഖജകുമാരിയും ജയരാജനും ആവശ്യപ്പെടുന്നത്. എംഫാം ബിരുദധാരിയായ യുവതി, തങ്ങളുടെ മകന് ആവശ്യമില്ലാത്ത ചില മരുന്നുകൾ നൽകിയിരുന്നതായും അതുകാരണമാണ് മകൻ മരിച്ചതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. മകന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് യുവതിയുടെ ശ്രമമെന്നും ഇവർ ആരോപിക്കുന്നു. യുവതിക്കും കുടുംബത്തിനുമെതിരേ നടപടിയെടുക്കണമെന്നാണ് സുഖജകുമാരിയും ജയരാജനും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 12നാണ് സുരാജ് മരിച്ചത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് ഏതാനും ആഴ്ച മുമ്പ് വീട്ടിലേക്ക് ഫോണിൽ വിളിച്ച സുരാജ് കരയുകയും ഭാര്യ ഭക്ഷണം തരുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇതിനു പിന്നാലെയാണ് സുരാജിന് സ്‌ട്രോക്കുണ്ടായെന്ന് സുരാജിന്റെ ഭാര്യ വിളിച്ചറിയിച്ചത്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണെന്നും യുവതി വീട്ടുകാരെ വിവരമറിയിച്ചു.
2022 സെപ്റ്റംബർ 12നായിരുന്നു തിരുവനന്തപുരം വണ്ടിത്തടത്തെ ജെ.എസ്. നിവാസിൽ സുരാജിന്റെയും യുവതിയുടെയും വിവാഹം. വൈകാതെ ഇരുവരും തമ്മിൽ അസ്വാരസ്യം പ്രകടമായി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സുരാജ് പെൺകുട്ടിയുടെ വീട്ടുകാരോട് സൂചിപ്പിച്ചു. എതിർത്തു പറഞ്ഞാൽ ഗാർഹികപീഢനത്തിന് പരാതി നൽകി ജയിലിലാക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. വിവാഹം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽത്തന്നെ സ്വത്തുക്കൾ സുരാജിന്റെ പേരിലേക്ക് എഴുതി നൽകണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നതായും മാതാപിതാക്കൾ ആരോപിക്കുന്നു.
വൈകാതെ സുരാജ് തിരുവനന്തപുരത്തു നിന്ന് സ്ഥലംമാറ്റം വാങ്ങി കൊച്ചിയിലേക്ക് പോയി. അവിടെ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട്ടേക്ക് എത്തിയ സുരാജ് നാലു മാസം കഴിഞ്ഞപ്പോൾ മരിച്ചു. മരിക്കുന്നതിന് ഏതാനും ആഴ്ച മുമ്പ് വീട്ടിലേക്ക് ഫോണിൽ വിളിച്ച സുരാജ് കരയുകയും ഭാര്യ ഭക്ഷണം തരുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നതായി മാതാപിതാക്കൾ പറയുന്നു. ഇതിനു പിന്നാലെ, സുരാജിന് സ്‌ട്രോക്കുണ്ടായെന്നും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണെന്നും യുവതി വീട്ടുകാരെ വിവരമറിയിച്ചു.
ആശുപത്രിയിൽ കാണാൻ എത്തിയപ്പോൾ സുരാജ് സ്ഥിരമായി വല്ല മരുന്നും കഴിക്കുന്നയാൾ ആണോയെന്ന് ഡോക്ടർ ചോദിച്ചതായി ഇവർ പറയുന്നു. ഒരു രോഗവുമില്ലാതിരുന്ന സുരാജ് മരുന്നൊന്നും കഴിക്കാറില്ലെന്നു പറഞ്ഞപ്പോൾ മരുന്നു കഴിക്കാറുണ്ടെന്നായിരുന്നു യുവതി പറഞ്ഞത്. 80 വയസ്സിന് മുകളിലുള്ളവർക്കു വരാറുള്ള തലച്ചോർ ചുരുങ്ങുന്ന രോഗം സുരാജിനുള്ളതായി അന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ നിന്ന് ഫ്ലാറ്റിലേക്ക് മാറ്റിയ സുരാജിനെ പിന്നീട് തലവേദനയുണ്ടായപ്പോൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരാജിനെ കാണാൻ യുവതിയെ സമ്മതിക്കാതിരുന്നപ്പോൾ ആശുപത്രിക്കാരോടുൾപ്പെടെ ബഹളമുണ്ടാക്കിയെന്ന് മാതാപിതാക്കൾ പറയുന്നു. എംഫാം യോഗ്യതയുള്ള, മരുന്നുകളേക്കുറിച്ച് അറിയാവുന്നയാളായ യുവതി തന്റെ മകന് ആവശ്യമില്ലാത്ത ചില മരുന്നുകൾ നൽകിയിരുന്നതായും അതു കാരണമാണ് മകൻ മരിച്ചതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചു. യുവതിക്കും കുടുംബത്തിനുമെതിരേ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മൃതദേഹം ദഹിപ്പിച്ചതിനാൽ എങ്ങനെയാണ് പോസ്റ്റ്‌മോർട്ടം നടത്തി അന്വേഷണം നടത്തുകയെന്നാണ് കരിപ്പൂർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടപ്പോൾ കിട്ടിയ മറുപടിയെന്നും കുടുംബം പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് സൂപ്രണ്ട് തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.
0 Comments