അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോട്ടയത്ത്.
കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം - അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ- നടക്കും. ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതുവിഭാഗമായും നേർപകുതി പുരസ്കാരമുള്ള ക്യാമ്പസ് വിഭാഗമായും രണ്ട് വിഭാഗങ്ങൾ ആയിട്ടാണ് പുരസ്കാരങ്ങൾ. കൂടാതെ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട് മുൻനിരയിൽ വരുന്ന ആദ്യ പതിനെട്ട് ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകും.
മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം എന്നിവയ്ക്ക് പൊതുവിഭാഗത്തിൽ ഒരു ലക്ഷം രൂപ വീതവും കാമ്പസ് വിഭാഗത്തിൽ അൻപതിനായിരം രൂപ വീതവും പുരസ്കാരങ്ങൾ നൽകും. മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിന് പ്രത്യേക പുരസ്കാരവും ഉണ്ടാവും.
കേരള സിനിമാമേഖലയിൽ നവാഗതർക്ക് പുത്തൻ വഴിത്താര വെട്ടുന്ന പരിപാടിയാണ് കഴിഞ്ഞ അഞ്ചു വർഷമായി സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന തമ്പ് ഫിലിം സൊസൈറ്റി പദ്ധതിയിട്ടിരിക്കുന്നത്. ഫിലിം മേഖലയിലെ പുതുതലമുറയിൽ പെട്ട നിരവധി പ്രതിഭാശാലികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരിടമാണ് ഇന്ന് ഷോർട്ട് ഫിലിമുകൾ. നവതലമുറയുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുക എന്ന വിചാരത്തിന്റെ അടിസ്ഥാനത്തിൽ അരവിന്ദം 2025 എന്ന പേരിൽ ഒരു ദേശീയ ഹസ്വ ചലച്ചിത്ര മേള 'തമ്പ് ഫിലിം സൊസൈറ്റി' കോട്ടയത്ത് സംഘടിപ്പിക്കുന്നു എന്നറിഞ്ഞപ്പോൾ ലഭിച്ച ഊഷ്മളമായ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു.
ഇത്രയും മികച്ച പുരസ്കാരത്തുക നൽകുന്ന ഒരു ഹൃസ്വ ചലച്ചിത്ര ഉൽസവം ഇന്ത്യയിൽ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. ഭാരതത്തിലെ വ്യത്യസ്ത ഭാഷകളിൽ നിന്ന് സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ വിദഗ്ദ്ധ സമിതിയുടെ മുമ്പാകെ സ്ക്രീനിംഗ് നടത്തിക്കൊണ്ട് അവയിൽ നിന്ന് ഏറ്റവും മികച്ച പതിനെട്ടു ചിത്രങ്ങൾ തെരഞ്ഞെടുത്ത് അവ കോട്ടയം സിഎംസ് കോളജ് ഗ്രേറ്റ് ഹാൾ തീയറ്ററിൽ പൊതുജന സമക്ഷം അവതരിപ്പിക്കുകയാണ്. അവയിൽ നിന്ന് മികച്ച പ്രകടനങ്ങൾ തെരഞ്ഞെടുത്ത് അവാർഡ് പ്രഖ്യാപിക്കുകയുമാണ് രീതി. സമർപ്പിക്കപ്പെട്ട നൂറ്റമ്പതിൽപരം വിവിധ ഭാഷാ ചിത്രങ്ങളിൽ നിന്ന് ആദ്യ റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തിയെട്ട് മികച്ച ചിത്രങ്ങളിൽ നിന്നുള്ള ഇരുപത്തൊന്നു ചിത്രങ്ങളാണ് അവസാന റൗണ്ടിൽ പനോരമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയാണ് 14, 15, 16 തീയതികളിലായി പ്രദർശിപ്പിക്കുന്നത്.
അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2025- പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത സിനിമകൾ ഇവയാണ്.
1. സ്കൈവാഡ് (ഹിന്ദി)
2. ദി ഫിഷസ് (മലയാളം)
3. മുളഞ്ഞി (മലയാളം)
4. ഇൻ ദി മെമ്മോറി ഓഫ് ദാറ്റ് ഡെ (മലയാളം)
5. ബർസ (മലയാളം)
6. കോഡ് ലവ് (മലയാളം)
7. സുഗന്ധി (മലയാളം)
8. ജലേബി (ഹിന്ദി )
9. ദി സെന്റ് ഓഫ് തുളസി (ഹിന്ദി)
10. ഭ്രമണം (മലയാളം)
11. ഡംബ് യാർഡ് (മറാത്തി)
12. ഷഹബാ (മലയാളം)
13. കണ്മഷി (മലയാളം)
14. ദി ഫസ്റ്റ് ഫിലിം (ഹിന്ദി)
15. നിഴൽ മരങ്ങൾ (മലയാളം)
16. മോളെക്യൂൾ കെമിസ്ട്രി ഓഫ് ലൈഫ് (മലയാളം)
17. വാസു (മലയാളം)
18. ദി സ്പ്ളിറ്റ് (മലയാളം)
19. മണ്ണാശൈ (തമിഴ് )
20. മൈ ഫാദർ ഈസ് അഫ്രൈഡ് ഓഫ് വാട്ടർ (ഹിന്ദി)
21. തുണൈ (തമിഴ്)
ചിത്രപ്രദർശനം കൂടാതെ സിനിമാ രംഗത്തെ പ്രമുഖരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുക്കുന്ന അവാർഡ് ദാനച്ചടങ്ങും കലാപരിപാടികളും ഒപ്പം, സിനിമാ പ്രഭാഷണങ്ങളും ഡയലോഗ് വിത് മാസ്റ്റേഴ്സ് എന്ന സംവാദ പരിപാടിയും ജി. അരവിന്ദൻ സ്‌മൃതി എന്ന പരിപാടിയും കൂടാതെ മികച്ച ചർച്ചകളുമാണ് ത്രിദിന ഹൃസ്വചിത്ര ഉൽസവത്തിലുണ്ടാവുക. ആദ്യ ദിനം രാവിലെ 10 മണിക്ക് പ്രശസ്ത സംവിധായകൻ ബ്ലസി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ്, ദേശീയ സംയോക്, ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവൽ ഡയറക്ടറും സിനിമാ സംവിധായകനും എഴുത്തുകാരനുമായ വിജയകൃഷ്ണൻ സംസാരിക്കും. തമ്പ് ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ സെഷനുകളിലായി തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കും. ഓരോ സെഷനുകൾക്ക് ശേഷവും സിനിമയുടെ പിന്നണിക്കാരും ആസ്വാദകരും തമ്മിലുള്ള സിനിമ സംബന്ധിച്ച തുറന്ന സംവാദങ്ങൾ നടക്കും. ആദ്യ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് ഡയലോഗ് വിത്ത് മാസ്റ്റർ എന്ന പരിപാടി പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സജിൻ ബാബു നയിക്കും. രണ്ടാം ദിവസമായ പതിനഞ്ചിനു യശ:ശ്ശരീരനായ ജി. അരവിന്ദന്റെ മുപ്പത്തിയഞ്ചാം ചരമദിനവും കൂടിയാണ്. അന്ന് സിനിമാ പ്രദർശനങ്ങൾക്കു ശേഷം വൈകുന്നേരം അഞ്ചു മുപ്പതിന് നടക്കുന്ന അരവിന്ദസ്‌മൃതി, ആദ്യകാല പ്രമുഖ സിനിമാ നിർമ്മാതാവും നടനുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്യും. ഫാ. ബോബി ജോസ് കട്ടിക്കാട്ട് അരവിന്ദസ്‌മൃതി പ്രഭാഷണം നടത്തും. അരവിന്ദന്റെ സഹപ്രവർത്തകൻ കൂടിയായ സണ്ണി ജോസഫ് പങ്കെടുക്കും. ഫെസ്റ്റിവൽ ഡയറക്ടർ വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മൂന്നാം ദിവസമായ മാർച്ച് 16നു ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് അവാർഡ് പ്രഖ്യാപന സമാപന പരിപാടി. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സിനിമാ നടി ജലജ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ സംവിധായകൻ ശ്യാമപ്രസാദ് മുഖ്യാതിഥിയായിരിക്കും. ദേശീയ അവാർഡ് നേടിയ സംവിധായകൻ വിഷ്ണു മോഹൻ സംസാരിക്കും. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ആദർശ് സുകുമാരൻ, ശബ്ദ സംയോജകൻ ശരത് മോഹൻ എന്നിവർ പങ്കെടുക്കും.
ഫിലിം ക്രിട്ടിക്കും എഴുത്തുകാരനും സംവിധായകനുമായ വിജയകൃഷ്ണൻ, കവയിത്രിയും മുൻ സെൻസർ ബോർഡ് അംഗവുമായ ജെ. പ്രമീളാ ദേവി, ഫിലിം ക്രിട്ടിക്കും ജേർണലിസ്റ്റുമായ എ. ചന്ദ്രശേഖർ, സംവിധായകൻ പ്രദീപ് നായർ, യുവ സംവിധായകനും സിനിമോട്ടോഗ്രാഫറുമായ യദു വിജയ കൃഷ്ണൻ, കവിയും സിനിമാ നിർമ്മാതാവുമായ ഡോ. വിഷ്ണുരാജ് , എഴുത്തുകാരനും ഗവേഷകനുമായ അനൂപ് കെ.ആർ. സംവിധായകൻ അഭിലാഷ് എസ്. എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നത്.
.
0 Comments