കേരള ഭാഗ്യക്കുറിയുടെ വില കൂടും, സമ്മാനഘടനയിലും മാറ്റം.
തിരു.: കേരള ഭാഗ്യക്കുറിയിൽ അടിമുടി പുതിയ മാറ്റങ്ങൾ വരുന്നു. അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമ്മൽ എന്നീ ലോട്ടറികളുടെ പേരുകൾ മാറ്റി സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണ്ണകേരളം എന്നിങ്ങനെയാക്കി. നവീകരണ നടപടികൾ ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ വരും.
പുതിയ വ്യവസ്ഥപ്രകാരം, എല്ലാ ടിക്കറ്റുകളുടെയും ഒന്നാം സമ്മാനം ഒരു കോടി രൂപയാകും. ഇതിനു പിന്നാലെ ടിക്കറ്റ് വില 40 രൂപയിൽ നിന്ന് 50 രൂപയാക്കി. മിനിമം സമ്മാനത്തുക 100 രൂപയിൽ നിന്ന് 50 രൂപയാക്കിയിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷം സമ്മാനങ്ങൾ ആയിരുന്നത് 6.54 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ, ആകെ 24.12 കോടി രൂപ തന്നെയാണ് സമ്മാനമായി വിതരണം ചെയ്യുക. പ്രതിദിനം അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം 1.08 കോടിയായി തുടരുകയും സമ്മാനത്തുകയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനമായി മുമ്പ് പരമാവധി 10 ലക്ഷം രൂപ നൽകിയിരുന്നത്, ഇനി മുതൽ അത് 50 ലക്ഷം രൂപയാക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ നൽകിയിരുന്നത് 5 മുതൽ 25 ലക്ഷം രൂപ വരെ വർദ്ധിപ്പിച്ചു. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ ഓരോന്ന് മാത്രമാകും നൽകുക. നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേർക്കും ലഭിക്കും. അവസാന നാല് അക്കത്തിന് 5,000 രൂപ നൽകുന്ന സമ്മാനങ്ങളുടെ എണ്ണം 23ൽ നിന്ന് 18 ആയി കുറച്ചു. അതിൽ താഴെയുള്ള തുകകളുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടി. 1,000 രൂപ സമ്മാനത്തിന് 36 തവണ നറുക്കെടുപ്പ് നടക്കും, 38,880 പേർക്ക് ഈ തുക ലഭിക്കും. 500 രൂപയുടെ നറുക്കെടുപ്പ് 72ൽ നിന്ന് 96 ആക്കി, ഇത് 1,03,680 പേർക്ക് ലഭിക്കും. 100 രൂപയുടെ നറുക്കെടുപ്പ് 124ൽ നിന്ന് 204 ആയി, 2,20,320 ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കും. പുതുതായി വന്ന 50 രൂപ ടിക്കറ്റിന് 252 നറുക്കെടുപ്പ് ഉണ്ടാകും, 2,72,160 പേർക്ക് സമ്മാനം ലഭിക്കും.
കാരുണ്യ, കാരുണ്യ പ്ലസ്, സ്ത്രീശക്തി എന്നീ ലോട്ടറികൾക്കായും പുതുക്കിയ നിബന്ധനകൾ വന്നിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയിൽ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ഓരോ സീരീസിനും ഒരുലക്ഷം രൂപ നൽകുന്ന നാലാം സമ്മാനം 12 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായ 5,000 രൂപ 19,440 ടിക്കറ്റുകൾക്ക് ലഭിക്കും. വ്യാഴാഴ്ച നറുക്കെടുക്കുന്ന കാരുണ്യ പ്ലസിന്റെയും ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യയുടെയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും നിശ്ചയിച്ചു. പുതുക്കിയ ലോട്ടറി പദ്ധതിയിൽ ഏജന്റുമാർക്കുള്ള കമ്മീഷൻ ആകെ 2,89,54,440 രൂപയായിരിക്കും.
0 Comments