കോട്ടയം: പതിനെട്ടാമത് ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. മാർച്ച് 28ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഏപ്രിൽ നാലു വരെ നാമനിർദ്ദേശപത്രിക നൽകാം. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടു വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന് ജൂൺ ആറു വരെ പ്രാബല്യമുണ്ട്. രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും അവർ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു. സ്‌ക്വാഡുകൾക്ക് പരിശീലനവും നൽകി.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വ്യാജമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധ പ്രവൃത്തികളും പരിശോധിക്കുന്നതിനായി 84 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടത്തും. ഒരു സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം നാലു പേരാണുള്ളത്.
പ്രചാരണങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി 36 ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു. നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റുകൾ, പൊതുയോഗങ്ങൾ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചാണോ സ്ഥാപിക്കുന്നതെന്നും സംഘടിപ്പിക്കുന്നതെന്നും സ്‌ക്വാഡ് പരിശോധിക്കും. ഒരു സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചു പേരാണുള്ളത്. അനധികൃത ഇടപാടുകളുടെ പരിശോധനകൾക്കായി 54 ഫ്ലൈയിങ് സ്‌ക്വാഡും 24 മണിക്കൂറും സജ്ജമാണ്. ഒരു സംഘത്തിൽ പൊലീസടക്കം അഞ്ചു പേരാണുള്ളത്. 36 വീഡിയോ സർവൈലൻസ് സംഘങ്ങളെയും ഒൻപത് വീഡിയോ വ്യൂവിംഗ് സംഘത്തെയും നിയോഗിച്ചു. സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി 10 അക്കൗണ്ടിങ് സംഘത്തെയും നിയോഗിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാതല ബാങ്കേഴ്‌സ് സമിതിയിൽ ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ അക്കൗണ്ടിലെ ഒരു ലക്ഷത്തിനു മുകളിലുളള ഇടപാടുകളും നിരീക്ഷിക്കും. സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്ന സ്ഥാനാർത്ഥിയുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലും ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾ നിരീക്ഷിക്കും. എടിഎം കൗണ്ടറുകളുടെ പ്രവർത്തനം സംബന്ധിച്ച് എല്ലാ ബാങ്കുകളും ആവശ്യമായ രേഖകൾ സൂക്ഷിക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ അതിർത്തികളിലടക്കം പണം, മദ്യം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധ പ്രവൃർത്തികളും പരിശോധിക്കുന്നതിനായി 27 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങൾ പരിശോധനയ്ക്കുണ്ട്. പൊതുജനങ്ങൾ പരിശോധനയുമായി സഹകരിക്കണം. 50,000 രൂപയിൽ കൂടുതലായി കൈവശം സൂക്ഷിക്കുന്ന പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റു സാമഗ്രികൾ സംബന്ധിച്ച മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും കലക്ടർ അറിയിച്ചു.
0 Comments