ദക്ഷിണേന്ത്യയിൽ വരൾച്ച രൂക്ഷം; അണക്കെട്ടിലുള്ളത് 17 % വെള്ളം മാത്രമെന്ന് കേന്ദ്ര ജലക്കമ്മീഷൻ.
ന്യൂഡൽഹി: താപനിലയില്‍ വലിയ വർദ്ധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജലസംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ദേശീയ ജലക്കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നു. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ ആകെയുള്ളത്.
വേനല്‍ക്കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍, ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്ക ഉയര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജലസംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ജലക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തുംവിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.
2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷിനാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍, കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം, ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
0 Comments