21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി.
ന്യൂഡൽഹി: തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള വോട്ടിംഗും ഇന്നാണ്.
രാജ്യത്ത് ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ എൻഡിഎ, ഐഎൻഡിഐഎ മുന്നണികള്‍ക്ക്
തുല്യശക്തിയുള്ള മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ്. അതിനാല്‍ വരുംഘട്ടങ്ങളിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാൻ ആദ്യഘട്ടത്തിനാകും. 2019ല്‍ ഈ മേഖലകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ 51 സീറ്റുകളും ഇപ്പോഴത്തെ ഐഎൻഡിഐഎ മുന്നണിക്ക് കീഴിലുള്ള പാർട്ടികള്‍ 48 സീറ്റുകളും നേടിയിരുന്നു. എന്നാൽ, ഇന്ന് രാഷ്ട്രീയ
ഗതികൾ ഒത്തിരി മാറിയിട്ടുണ്ട്.
തമിഴ്‌നാട്- 39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മദ്ധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര- 5 വീതം, ബിഹാർ-4, പശ്ചിമ ബംഗാള്‍-3, അരുണാചല്‍, മണിപ്പൂർ, മേഘാലയ-2 വീതം, ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ജമ്മു കാശ്‌മീർ, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ- ഒരു സീറ്റ് വീതം എന്നിങ്ങനെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന മണ്ഡലങ്ങൾ.
ആകെ 16.63 കോടി വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനം ഇന്ന് നിർവ്വഹിക്കുന്നത്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
400ലധികം സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് ആദ്യഘട്ടത്തില്‍ പരമാവധി സീറ്റുകള്‍ നേടേണ്ടതുണ്ട്. ബിജെപിയുടെ മുഖ്യ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി വികസന ഗ്യാരന്റിയുമായി രാജ്യമെമ്പാടും റാലികളും റോഡ് ഷോകളും നടത്തുകയും രാമക്ഷേത്രമടക്കം വിഷയമാക്കുകുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റടക്കം ചൂണ്ടിക്കാട്ടി ഇഡി ഉള്‍പ്പെടെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ പ്രചാരണ വിഷയം. തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും ഉയർത്തിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗന്ധി, പ്രിയങ്കാ ഗന്ധി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവർ നിരവധി യോഗങ്ങളില്‍ പങ്കെടുത്തു.
0 Comments