റെയിൽ യാത്രാക്ലേശം അതിരൂക്ഷം; ഇന്റർസിറ്റി കോട്ടയത്തേയ്ക്ക് നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാർ.
കോട്ടയം: കോട്ടയം വഴിയുള്ള യാത്രാക്ലേശത്തിന് അടിയന്തര പരിഹാരമായി 12677/12678 ബാംഗ്ലൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ പാലരുവി കഴിഞ്ഞാൽ എറണാകുളം ഭാഗത്തേയ്ക്ക് ഒന്നരമ ണിക്കൂർ ഇടവേളയിൽ മറ്റു ട്രെയിനുകൾ ഒന്നുമില്ലാത്തത് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.
രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള പാലരുവി, വേണാട് എക്സ്പ്രസ്സുകളിൽ അതിരൂക്ഷമായ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോട്ടയത്ത് എത്തുന്നതിന് മുമ്പേ നിറയുന്ന കോച്ചുകളിൽ കയറി പറ്റാൻ പോലും കഴിയാത്ത സാഹചര്യമാണ് പലപ്പോപോഴും. തിങ്ങിനിറഞ്ഞ കമ്പാർട്ട്മെന്റുകളിൽ ശ്വാസം പോലും കിട്ടാതെ ആളുകൾ കുഴഞ്ഞു വീഴുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. വന്ദേഭാരതിന് ശേഷം 07.45ന് കോട്ടയത്തു നിന്ന് പുറപ്പെടുന്ന വിധം ഇന്ററർസിറ്റി ക്രമീകരിച്ചാൽ എറണാകുളം മുതൽ മാറ്റങ്ങൾ ഒന്നുമില്ലാതെ സർവീസ് തുടരാവുന്നതാണ്. നിലവിൽ 9.10നാണ് ഈ വണ്ടി എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്നത്. വൈകുന്നേരം വേണാടിന് മുമ്പ് 04.40 ന് എറണാകുളം ടൗണിൽ നിന്ന് കോട്ടയത്തേയ്‌ക്ക് ഒരു സർവീസ് കൂടി ലഭിക്കുമ്പോൾ ഇരുദിശയിലേയ്ക്കും വേണാട് എക്സ്പ്രസ്സിലെ തിരക്കിന് ശാശ്വത പരിഹാരമാകും.
പാലരുവിയ്ക്ക് ശേഷം കോട്ടയത്തു നിന്ന് എറണാകുളത്തേയ്ക്ക് ഒരു ട്രെയിൻ വേണമെന്നത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ കേരളത്തിന്റെ ഐടി ഹബ്ബ് എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രം സ്റ്റോപ്പ് പരിഗണിച്ചാൽ പോലും റെയിൽവേയ്ക്കും വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ നേട്ടമാകുന്നതാണ് ഈ സർവീസ്. ഈ ട്രെയിനിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് ബാംഗ്ലൂരിലേയ്ക്ക് യാത്ര ചെയ്യുന്ന യാത്രക്കാരിൽ നല്ലൊരു പങ്ക് കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്.
കോട്ടയത്ത് ഇപ്പോൾ ആറ് പ്ലാറ്റ്ഫോമുകളുണ്ട്. മറ്റു അടിസ്ഥാന സൗകര്യങ്ങളും അനുകൂലമാണ്. എറണാകുളം ജംഗ്ഷനിൽ അനുഭവപ്പെടുന്ന പ്ലാറ്റ്ഫോം ദൗർലഭ്യത്തിനും ബോട്ടിൽ നെക്ക് കുരുക്കിനും ഇന്റർസിറ്റിയുടെ കോട്ടയത്തേയ്ക്കുള്ള നീട്ടലിലൂടെ പരിഹാരമാകുന്നതാണ്. മറ്റു സാങ്കേതിക തടസ്സങ്ങൾ റെയിൽവേയ്ക്ക് ഒഴിവാക്കാവുന്നതേയുള്ളൂ.
കോട്ടയം ജില്ലയുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി ബാംഗ്ലൂർ - എറണാകുളം ഇന്റർസിറ്റി കോട്ടയത്തേയ്ക്കുള്ള ദീർഘിപ്പിക്കാൻ ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അവധി ദിവസങ്ങൾക്ക് ശേഷമുള്ള ആഴ്ചയിലെ ആദ്യ പ്രവൃത്തിദിവസങ്ങളിൽ ഡോറുകളിലും ചവിട്ടുപടിയിലും തൂങ്ങിനിന്നാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇലക്ഷൻ സമാഗതമായ സാഹചര്യത്തിൽ ജില്ലയുടെ യാത്രാക്ലേശം മനസ്സിലാക്കാൻ ലോക്സഭാ സ്ഥാനാർത്ഥികൾ വേണാടിലെയോ പാലരുവിയിലോ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ തയ്യാറാകാണമെന്നും യാത്രക്കാർ പറയുന്നു. പാർലമെന്റിൽ സാധാരണക്കാരനെ പ്രതിനിധീകരിക്കുന്നു എന്ന് പറയുമ്പോൾ, ഒരു ദിവസമെങ്കിലും സാധാരണക്കാരന്റെ പ്രശ്നങ്ങളിലൂടെ സഞ്ചരിക്കണമെന്നും യാത്രക്കാർ ഒന്നടങ്കം പറയുന്നു.
0 Comments