Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം.

ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം.

കോട്ടയം: എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രദിനമാണിന്ന്. തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ദിനം.

          എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണമെന്ന ആശയം ഉണ്ടായത് 1856ൽ ഓസ്ട്രേലിയായിൽ ആണെന്ന് പറയപ്പെടുന്നു. മേയ്ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.

        1886ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നുണ്ട്. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേരേ പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേയ് മാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു. 1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.
   
       യൂറോപ്പിൽ റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, ഓസ്ട്രിയ, സ്വീഡൻ, തുർക്കി മുതലായ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്. ഏഷ്യയിൽ ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ലെബനൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും തൊഴിലാളി ദിനം ആചരിക്കുന്നുണ്ട്. മേയ് ഒന്ന് ഈജിപ്തിൽ ശമ്പളത്തോടുകൂടിയ അവധിയാണ്. ഘാന, കെനിയ, ലിബിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിൽ മേയ് ദിനം ആചരിക്കുന്നു. അർജൻ്റീന, ബ്രസീൽ, ബൊളീവിയ എന്നിവിടങ്ങളിലെല്ലാം മെയ് ഒന്ന് അവധിയാണ്. 
       അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളി ദിനം. ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും തൊഴിലാളി ദിനം മറ്റ് ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement