കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടും.

തിരു.: കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം കൂട്ടും. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സര്‍വീസ് നടത്തുന്നത്. രാവിലെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോടേക്കും വൈകുന്നേരം തിരിച്ചും ഓടുന്ന ഒരു ട്രെയിനും. രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്ത് എത്തി തിരിച്ച് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്.
നിലവില്‍ തിരുവനന്തപുരം - കാസര്‍കോട് റൂട്ടിലെ വന്ദേഭാരതില്‍ 16 കോച്ചുകളാണുള്ളത്. ഇത് 20 കോച്ചുള്ള പുതിയ റേക്കായി മാറ്റും. നിലവില്‍ എട്ട് കോച്ചുകളുള്ള മംഗളൂരു - തിരുവനന്തപുരം റൂട്ടിലെ വന്ദേഭാരത് 16 കോച്ചുള്ള ട്രെയിനായും മാറ്റും. തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരതിനെ മംഗളൂരു - തിരുവനന്തപുരം റൂട്ടിലേക്ക് മാറ്റിയ ശേഷം തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ പുതിയ 20 കോച്ചുള്ള ട്രെയിനാണ് അനുവദിച്ചേക്കുക. എട്ട് കോച്ചുകളുള്ള ട്രെയിന്‍ സംസ്ഥാനത്ത് നിന്ന് കൊണ്ടുപോകും. ഇത് തിരക്ക് കുറവുള്ള മറ്റൊരു റൂട്ടിലേക്ക് മാറ്റും.
ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് കാലമായി ഉയരുന്നുണ്ട്. കോച്ചുകളുടെ എണ്ണം കൂട്ടുന്നതിലൂടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേയും യാത്രക്കാരും. അതേസമയം, കൊച്ചി - ബംഗളൂരു റൂട്ടിലെ സ്‌പെഷ്യല്‍ സര്‍വീസായി ഓടിയിരുന്ന വന്ദേഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസ് ആക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇപ്പോഴും അധികൃതര്‍ക്ക് മുന്നിലുണ്ട്. യാത്രക്കാര്‍ കയറാത്തതോ ദക്ഷിണ റെയില്‍വേ സമ്മര്‍ദ്ദം ചെലുത്താത്തതോ അല്ല സര്‍വീസ് നിന്ന് പോകാന്‍ കാരണം. ബംഗളൂരു ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ സോണ്‍ അസൗകര്യം അറിയിച്ചതുകൊണ്ടു മാത്രമാണ് കേരളത്തിന് കൊച്ചി - ബംഗളൂരു സര്‍വീസ് നിന്ന് പോകാന്‍ കാരണമായത്. ട്രെയിനിനെ സ്വീകരിക്കാന്‍ പ്ലാറ്റ്ഫോം ഇല്ലെന്ന സോണിന്റെ നിലപാടാണ് മലയാളികള്‍ക്ക് ആശ്വാസമായ ഈ ട്രെയിന്‍ നിന്ന് പോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എന്നാൽ, ബംഗളൂരു - കേരളാ റൂട്ടിൽ ഒടുന്ന ബസ് ലോബിയാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.
0 Comments