പരുമല പെരുന്നാളിന് ഇന്ന് സമാപനം.
തിരുവല്ല: നോമ്പും പ്രാർത്ഥനയുമായി സഹനത്തിന്‍റെ ദൂരങ്ങള്‍ താണ്ടി ആയിരങ്ങൾ പരുമലയിൽ എത്തിയതോടെ പെരുന്നാളിന് ഇന്ന് സമാപനം. ഇന്ന് പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന നടന്നു. 6.15ന് ചാപ്പലില്‍ ഡോ. യാക്കോബ് മാർ ഐറേനിയോസിന്‍റെ കാർമ്മികത്വത്തില്‍ വിശുദ്ധ മൂന്നിൻ മേല്‍കുർബാന, 8.30ന് പള്ളിയില്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തില്‍ വിശുദ്ധ മൂന്നിൻമേല്‍ കുർബാന, തുടർന്ന് കബറിങ്കലില്‍ ധൂപപ്രാർത്ഥന എന്നിവ നടന്നു. 10.30ന് കാതോലിക്കാ ബാവ വിശ്വാസികള്‍ക്ക് ശ്ലൈഹീക വാഴ്‌വ് നല്‍കും. 12ന് മാർ ഗ്രിഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ സമ്മേളനം നടക്കും. രണ്ടിന് നടക്കുന്ന റാസയോടും ആശിർവാദത്തോടും കൂടി പെരുന്നാളിന് കൊടിയിറങ്ങും.
പെരുന്നാളിന് കൊടിയേറിയതു മുതല്‍ ചെറുതും വലുതുമായ നിരവധി പദയാത്രാസംഘങ്ങള്‍ പരുമലയിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു. ഇന്നലെ വൈകുന്നേരമായതോടെ പരുമലയും പരിസരപ്രദേശങ്ങളും തീർത്ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു. ഇന്നലെ ഗീവർഗീസ് മാർ പക്കോമിയോസിന്‍റെ മുഖ്യകാർമ്മികത്വത്തില്‍ ചാപ്പലില്‍ വിശുദ്ധ കുർബാന നടന്നു. ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്‍റെ മുഖ്യകാർമ്മികത്വത്തില്‍ പള്ളിയിലും വിശുദ്ധ കുർബാന നടന്നു. തുടർന്ന് അഖില മലങ്കര പ്രാർത്ഥനായോഗവും ധ്യാനവും സന്യാസസമൂഹ സമ്മേളനവും നടത്തി. ഉച്ചകഴിഞ്ഞ് നടന്ന തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് പെരുന്നാള്‍ സന്ധ്യാ നമസ്കാരവും കണ്‍വൻഷൻ പ്രസംഗവും നടന്നു. പള്ളിയുടെ മുകള്‍ വശത്തായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തു നിന്ന് കാതോലിക്കാ ബാവയും മെത്രാപ്പോലീത്താമാരും ചേർന്ന് വിശ്വാസികള്‍ക്ക് ശ്ലൈഹീക വാഴ്‌വ് നല്‍കി. രാത്രിയില്‍ നടന്ന റാസയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് അനിയന്ത്രിതമായി വിശ്വാസികൾ പരുമലയിലേക്ക് ഒഴുകിയെത്തിയതോടെ റാസ പള്ളിയിൽ തിരികെ എത്താൻ ഒരു മണിക്കൂറോളം വൈകി. റാസയ്ക്കു ശേഷം ഭക്തിഗാനാർച്ചന നടന്നു.
0 Comments