Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം.

കേരള സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം.

കൊച്ചി: കേരള സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കമാകും. മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എന്നാൽ, മഴയുടെ കാര്യത്തിൽ ആശങ്കയുണ്ട്. 
      എംഎൽഎമാർ, അദ്ധ്യാപകർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ഒറ്റക്കെട്ടായി മേളയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണ്. വിവിധ കമ്മിറ്റികളുടെ പ്രവർത്തനം വിജയകരമായി പുരോഗമിക്കുകയാണ്.
     ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ട്രോഫി ദീപശിഖ റാലി പ്രയാണം ആരംഭിക്കും. 2500 കുട്ടികൾ പങ്കെടുക്കും. ജോസ് ജംക്ഷൻ, എംജി റോഡ് വഴി ഉദ്ഘാടന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ എത്തിച്ചേരും. മൂന്നിന് കുട്ടികൾ മാർച്ച് പാസ്റ്റിന് അണിനിരക്കും. നാലിന് മാർച്ച് പാസ്റ്റ് ആരംഭിക്കും. 4.30ന് മാർച്ച് പാസ്റ്റ് അവസാനിക്കും. തുടർന്ന് ഗ്രൗണ്ടിൽ ദീപശിഖ വഹിച്ചുള്ള ഓട്ടം ആരംഭിക്കും. 4.45ന് ദീപശിഖ കൊളുത്തും. 4.50ന് പ്രതിജ്ഞ. തുടർന്ന് 5ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 5.30ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം.  6.30 വരെ 4000 കുട്ടികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികൾ നടക്കും. പി ടി ഡിസ്പ്ലേ, കലസ്തെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരക്കും.
     കായികമേള നടക്കുന്ന എറണാകുളം ജില്ലയെ ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററുകൾക്കും എംഎൽഎമാർക്ക് ചുമതല നൽകിയുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നതെന്ന് ടി.ജെ.  വിനോദ് എംഎൽഎ പറഞ്ഞു. കായിക മേളയുടെ സുരക്ഷ ഉറപ്പറക്കുന്നതിനായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പി. വിമലാദിത്യ പറഞ്ഞു. മേളയുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കു മരുന്ന് സംഘങ്ങളെ കണ്ടെത്താൻ എക്സൈസിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ 40 സ്പെഷ്യൽ സ്ക്വാഡുകൾ രംഗത്തുണ്ടാകും. കൺട്രോൾ റൂമും പ്രവർത്തിക്കും. എല്ലാ വേദികളിലും ആരോഗ്യ വകുപ്പിൻ്റെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ.  ഉമേഷ് പറഞ്ഞു. കെഎസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകും. കുട്ടികളുടെ താമസം, ടോയ്ലെറ്റ് സൗകര്യങ്ങൾ എന്നിവ മികച്ച നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. 
     തിങ്കളാഴ്ച രാവിലെ 10 മുതൽ 20 കൗണ്ടറുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. നാളെ ആരംഭിക്കുന്ന ഗെയിമുകളുടെ രജിസ്ട്രേഷനാണ് ആദ്യം ദിവസം നടക്കുന്നത്. അഞ്ചിന് 17 വേദികളിലും രാവിലെ ഏഴുമണി മുതൽ  രജിസ്ട്രേഷൻ തുടങ്ങും. എറണാകുളം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത്.
       കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വേദികളിലേക്കും മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോ ഓഡിനേറ്റർമാരുടെ സംഘം പ്രവർത്തിക്കും. എല്ലാ വേദികളിലും ആംബുലസ് സംവിധാനം ഏർപ്പെടുത്തും. അലോപ്പതി , ആയൂർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സ്പോർട്ട്സ് ആയൂർവേദയുടെയും ടീം കുട്ടികളുടെ സുരക്ഷക്കായി പ്രവർത്തിക്കും. പരിക്ക് പറ്റുന്ന കായികതാരങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കും. അവർക്കായി
കട്ടിൽ, ബെഡ്, സ്ട്രച്ചർ, വീൽചെയർ എന്നിവ സജ്ജമാക്കികിയിട്ടുണ്ട്.
         'ഒരു ലക്ഷം- ഒരു ലക്ഷ്യം' എന്ന നേത്രദാന പദ്ധതിയുടെ നേരിട്ടുള്ള രജിസ്ട്രേഷനും ഓൺലൈൻ  രജിസ്ട്രേഷനുള്ള സൗകര്യങ്ങളും  വേദികളിൽ ഒരുക്കുന്നുണ്ട്.
ഭിന്നശേഷിക്കാരായ നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കായിക മേളയിൽ അവർക്കാവശ്യമായ മെഡിക്കൽ സൗകര്യങ്ങളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. മഹാരാജാസ്, കടവന്ത്ര എന്നീ സ്ഥലങ്ങളിൽ കായിക താരങ്ങൾക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചായ, ലൈം ടീ എന്നിവയും നൽകും.
        മത്സര വിജയികൾക്ക് വിതരണം ചെയ്യുന്നതിനുള്ള 2590 ട്രോഫികൾ എറണാകുളം എസ്ആർവി സ്കൂളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ അതത് വേദികളിലെത്തും. കോലഞ്ചേരി, കോതമംഗലം, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, എറണാകുളം എന്നിങ്ങനെ അഞ്ച് മേഖലകളിലായി തിരിച്ചാണ് ട്രോഫികൾ എത്തിക്കുക. അത്‌ലറ്റിക്സ് ഇനങ്ങൾക്ക് നൽകുന്ന ട്രോഫികൾ മഹാരാജാസ് ഗ്രൗണ്ടിലെ വേദിയിൽ പ്രത്യേകമായി പ്രദർശിപ്പിക്കും. 
         മേളയുടെ വിവിധ വേദികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് പ്രധാന അദ്ധ്യാപകർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. എൻഎസ്എസ് വൊളൻ്റിയർമാർ ഉൾപ്പടെ 14 വൊളൻ്റിയർമാർ ഓരോ വേദിയിലുമുണ്ടാകും. ഓരോ വേദിയിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിതകർമ്മ സേനയുടെ സേവനവുമുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ ബോർഡുകൾ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ശബ്ദസന്ദേശവും ഇടയ്ക്കിടെയുണ്ടാകും.

Post a Comment

0 Comments

Ad Code

Responsive Advertisement