Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് കള്ളപ്പണമെന്ന് ആരോപണം. കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച മുറികളിൽ രാത്രി പരിശോധന; സംഘർഷം.

പാലക്കാട് കള്ളപ്പണമെന്ന് ആരോപണം. കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച മുറികളിൽ രാത്രി പരിശോധന; സംഘർഷം.

 

പാലക്കാട്: ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ച് അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിൽ വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച മുറിയിലേക്കു പൊലീസ് ഇടിച്ചു കയറി പരിശോധനയ്ക്കു ശ്രമിച്ചു. വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പൊലീസ് സംഘത്തെ ആദ്യം തടഞ്ഞു മടക്കി അയച്ചെങ്കിലും അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചു പരിശോധന പൂർത്തിയാക്കി. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.
         ഇന്നലെ രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഇവർ ഷാനിമോൾ ഉസ്മാൻ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പില്ലാതെ പരിശോധിക്കാൻ കയറി. ഇതിനു പിന്നാലെ ബിന്ദു കൃഷ്ണയും ഭർത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചു. ഇവർ ബഹളം വച്ചതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ സ്ഥലത്ത് സംഘടിച്ചെത്തി. ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധനസാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. 
         ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലിൽ വലിയ സംഘർഷാവസ്ഥയായി. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. എംപിമാരായ വി.കെ. ശ്രീകണ്ഠ‌ൻ, ഷാഫി പറമ്പിൽ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തുനിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല. തുടർന്നു വീണ്ടും സംഘർഷാവസ്‌ഥയുണ്ടായി. എൽഡിഎഫിലെ എ.എ. റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തർക്കിച്ചു. ബിജെപി നേതാക്കളായ വി.വി. രാജേഷ്, സി.ആർ. പ്രഫുൽ കൃഷ്‌ണ, പ്രശാന്ത് ശിവൻ, സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലിൽ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement