
ന്യൂഡല്‍ഹി: മണ്ഡല, മകരവിളക്ക് കാലത്ത് നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് സൗജന്യ ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം കെഎസ്ആര്‍ടിസിയുടെയും കേരളാ സർക്കാരിൻ്റേയും എതിര്‍പ്പിനെ തുടര്‍ന്ന് അനുവദിക്കാതെ സുപ്രീം കോടതി. നിലയ്‌ക്കല്‍ – പമ്പ റൂട്ട് ദേശസാല്‍കൃതമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദത്തിന്റെ പശ്ചാത്തലത്തിലാണിത്. ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. ശബരിമല തീര്‍ത്ഥാടകാരില്‍ നിന്ന് അധികതുക ഈടാക്കുന്നില്ലെന്നും കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ സത്യവാംങ്മൂലം നല്‍കി.
നിലയ്‌ക്കല്‍ മുതല്‍ പമ്പ വരെ ബസ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്കാണ് അധികാരമെന്ന് സംസ്ഥാന സര്‍ക്കാരും നിലപാടെടുത്തു. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ബസുകള്‍ വാടകയ്‌ക്ക് എടുത്ത് സൗജന്യ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന വിഎച്ച്പിയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം, നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്കുള്ള ഭക്തജനങ്ങളുടെ യാത്ര അതീവ ദുഷ്കരമായിരുന്നു കഴിഞ്ഞ വർഷവും. അതിൽ നിന്നും മാറ്റമുണ്ടാകാൻ തക്ക യാതൊരു സംവിധാനങ്ങളോ ആവശ്യത്തിന് ഫിറ്റ്നസ് ഉള്ള ബസുകളോ കെഎസ്ആആർടിസിയ്ക്കില്ല. അമ്പത് സീറ്റ് കപ്പാസിറ്റിയുള്ള ബസിൽ നൂറോളം പേരാണ് കഴിഞ്ഞ വർഷങ്ങളിൽ യാത്ര ചെയ്തത്. പ്രായമായവർക്കും കൊച്ചു കുട്ടികൾക്കുമടക്കം ഇത് വലിയ ദുരിതമാണ് സമ്മാനിച്ചത്. ബസിൽ കയറുന്നതിന് മുമ്പേ മുൻകൂർ പണം നൽകി ടിക്കറ്റ് എടുക്കുന്നതിനാൽ, എങ്ങനെയെങ്കിലും ദുരിതയാത്ര നടത്താൻ ഭക്തജനങ്ങൾ നിർബന്ധിതരാവുകയായിരുന്നു. ഇതിനൊക്കെ പരിഹാരമെന്ന നിലയിലാണ് വിശ്വഹിന്ദു പരിഷത്ത് ഭക്തജനങ്ങൾക്ക് ആശ്വാസമാകാവുന്ന സൗജന്യ ബസ് സർവീസ് നടത്താൻ മുന്നോട്ടു വന്നത്. ഇതിനെയാണ് സർക്കാരും കെഎസ്ആആർടിസിയും എതിർത്ത് ഭക്തതരുടെ ആശ്വാസയാത്രയ്ക്ക് തുരങ്കം വച്ചത്.
0 Comments