ശരണമന്ത്രങ്ങൾ ഉയർന്നു, ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി.
ശബരിമല: ശരണമന്ത്രങ്ങൾ ഉയർന്ന അന്തരീക്ഷത്തിൽ ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം നാലിന് മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് നട തുറന്നത്. നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു നടപ്പന്തൽ ഉണ്ടായിരുന്നത്.
നട തുറന്നശേഷം പതിനെട്ടാംപടിക്കു താഴെ ആഴി തെളിയിച്ചതോടെ പതിനെട്ടാംപടി ഭക്തർക്കായി തുറന്നു കൊടുത്തു. നിയുക്ത ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരാണ് ആദ്യം പതിനെട്ടാംപടി ചവിട്ടിയത്. പിന്നാലെ ഭക്തരുടെ പടികയറ്റം ആരംഭിച്ചു.
വൃശ്ചികപ്പുലരിയായ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വീണ്ടും തുറന്നശേഷം രാത്രി 11ന് ഹരിവരാസനം പാടി അടയ്ക്കും.
എല്ലാ ദിവസവും രാവിലെ 3.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും. ഉഷഃപൂജ രാവിലെ 7.30നും ഉച്ചപൂജ 12.30നും നടക്കും. ദീപാരാധന വൈകിട്ട് 6.30 നാണ്. രാത്രി 9.30ന് അത്താഴപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.
തീർത്ഥാടകത്തിരക്ക് പരിഗണിച്ച് ഈ മണ്ഡല, മകരവിളക്ക് കാലയളവിൽ 18 മണിക്കൂർ നേരം ഭക്തർക്ക് ദർശന സൗകര്യം ലഭ്യമാക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് ആദ്യം മുതൽ നടപ്പിലാക്കുന്നത്.
ഡിസംബര്‍ 26നാണ് മണ്ഡലപൂജ. അന്ന് രാത്രി 10ന് നട അടയ്‌ക്കും. തുടര്‍ന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.
ദിവസം 80,000 പേര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയും 10,000 പേര്‍ക്ക് സ്പോട് ബുക്കിങിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
0 Comments