Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു.

മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു.


ശബരിമല: ശബരിമലയിൽ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാൻ ഇന്നു മുതൽ വെള്ളിയാഴ്ച വരെ അവസരം. ഇന്നലെ മകരവിളക്ക് ദർശനം പൂർത്തിയാക്കിയവരിൽ ബഹുഭൂരിഭാഗം പേരും സന്നിധാനത്ത് നിന്ന് മടങ്ങി. മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയിൽ നിന്ന് കടത്തി വിട്ടത്. സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്ക് മാത്രമേ തുടങ്ങൂ. മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം അറിയിച്ചു.
        അതേസമയം, ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ഇന്നലെ ആയിരങ്ങൾ മകര വിളക്ക് കണ്ടു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ മകരവിളക്ക് നല്ലതുപോലെ കാണാൻ കഴിഞ്ഞു. സന്നിധാനത്തു നിന്നും തൊഴുതു മടങ്ങിയവരും സത്രം, വള്ളക്കടവ് എന്നിവിടങ്ങളിൽ നിന്ന് കൽനടയായി മകരവിളക്ക് കാണാനെത്തിയവരുമടക്കം ആറായിരത്തി അഞ്ഞൂറ്റ് ഇരുപത്തിയഞ്ച് പേരാണ് പുല്ലുമേട്ടിൽ ഉണ്ടായിരുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്ന ഭക്തരിൽ കൂടുതലും. ശരണം വിളിച്ചും ഭജനഗാനങ്ങൾ ആലപിച്ചും മണിക്കൂറുകളാണ് ഇവർ പല്ലുമേട്ടിലെ മലമുകളിൽ തമ്പടിച്ചത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ശരണം വിളിച്ചും കർപ്പൂരം കത്തിച്ചും വരവേറ്റു.
        പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേട്ടിൽ 1650 പേരുമാണ് ഉണ്ടായിരുന്നത്. ഭക്തജനത്തിരക്ക് മുന്നിൽ കണ്ട് വിപുലമായ ക്രമീകരണങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. മകരവിളക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങളിൽ സുരക്ഷക്കും ഗാതാഗത നിയന്ത്രണത്തിനുമായി 1200 പോലീസുകാരെ വിന്യസിച്ചു. എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ, ഇടുക്കി കളക്ടർ വി. വിഘ്നേശ്വരി, ജില്ല പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പുല്ലുമേട്ടിൽ ക്യാമ്പ് ചെയ്ത് മേൽനോട്ടം വഹിച്ചു. പുല്ലുമേട് മുതൽ കോഴിക്കാനം വരെ പത്തു കിലോമീറ്റർ കാൽനടയായെത്തിയ ഭക്തർക്ക് കുമളിയിൽ എത്താൻ കെഎസ്ആആർടിസി 50 ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തി. ആരോഗ്യ വകുപ്പ് ആംബുലൻസുകൾ എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement