വൈദ്യുതി ബില്ലിൽ ആശ്വാസം; ഫെബ്രുവരി മുതൽ യൂണിറ്റിന് ഒമ്പത് പൈസ കുറയും.
തിരു.: ഫെബ്രുവരിയിലെ വൈദ്യുതി ബില്ല് യൂണിറ്റിന് ഒമ്പതു പൈസ കുറയും. വൈദ്യുതി വാങ്ങലിൽ വന്ന അധിക ചെലവ് പരിഹരിക്കാൻ ഇന്ധന തീരുവയിനത്തിൽ അധികമായി ഈടാക്കിയ ഒമ്പതു പൈസയാണ് ഫെബ്രുവരി മുതൽ ഇല്ലാതാകുന്നത്. വൈദ്യുതി ഉൽപാദനവുമായും വാങ്ങലുമായും ബന്ധപ്പെട്ട് കെഎസ്ഇബിക്ക് അധിക ബാധ്യത ആയ തുകയാണ് തീരുവ ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നത്. യൂണിറ്റിന് പരമാവധി 10 പൈസയിൽ കൂടുതൽ ഈ ഇനത്തിൽ ഈടാക്കാനാവില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിഷ്കർഷിച്ചിരുന്നു. ഈ തുക കെഎസ്ഇബിക്ക് ലഭിച്ചാലും ബാക്കി 21.73 കോടിയുടെ ബാധ്യതയുണ്ടെന്നും ഈ തുക കൂടി അധിക ഇന്ധന തീരുവയായി ഈടാക്കാൻ അനുവാദം വേണമെന്നും കാണിച്ച് കഴിഞ്ഞ നവംബറിൽ റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി അപേക്ഷ സമർപ്പിച്ചു. യൂണിറ്റിന് 9.41 പൈസ വെച്ച് പിരിക്കേണ്ടിവരുമെങ്കിലും ഒമ്പതു പൈസ നിരക്കിൽ അധിക തീരുവയ്ക്ക് അംഗീകാരം വേണമെന്നായിരുന്നു അപേക്ഷ.
ഡിസംബർ 10ന് റെഗുലേറ്ററി കമ്മീഷൻ ഹിയറിങ് നടത്തി ജനുവരി മാസ ബില്ലിനൊപ്പം ഈടാക്കാൻ അനുവാദം നൽകുകയും ചെയ്തു. ഇതോടെ നിലവിൽ ഈടാക്കുന്ന, യൂണിറ്റിന് 10 പൈസ ഇന്ധന സെസിനോടൊപ്പം 9 പൈസ ചേർത്ത് 19 പൈസയുടെ ബിൽ ഉപഭോക്താക്കൾക്ക് അടിച്ചേൽപിക്കാൻ കളമൊരുങ്ങുകയും ചെയ്തു.
1000 വാട്സിന് താഴെ കണക്ടഡ് ലോഡുള്ള, 40 യൂണിറ്റിൽ താഴെ ഉപഭോഗമുള്ളവരെ തീരുവയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതായത്, ഇവർ ഒഴികെയുള്ളവരിൽ ശരാശരി 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ഒമ്പതു രൂപ അധികബാധ്യത വന്നു. ഈ തുകയാണ് ഫെബ്രുവരിയിലെ ബിൽ മുതൽ കുറയുക. ഇത്തരത്തിൽ ഈടാക്കിയ അധിക തീരുവ സംബന്ധിച്ച വിവരം തുക ലഭിച്ച് ഒരാഴ്ചക്കകം അറിയിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
0 Comments