പാലക്കാട്: ഹ്രസ്വദൂര യാത്രക്കാര്‍ക്ക് റിസർവേഷൻ ഇല്ലാത്തെ സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര സാധ്യമാകുന്ന ഡി റിസര്‍വേഷന്‍ കോച്ച് സംവിധാനം വെട്ടിക്കുറച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ്സ് (16347), കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സ് (16528), ചെന്നൈ എഗ്മോര്‍- മംഗലാപുരം എക്‌സ്പ്രസ്സ് (16159) എന്നീ ട്രെയിനുകളിലെ ഡി റിസര്‍വ്ഡ് സ്ലീപ്പര്‍ കോച്ചുകളാണ് വെട്ടിക്കുറച്ചത്. അതേസമയം, ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ്സില്‍ (13352) ഡി റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ്സില്‍ നിലവിലെ രണ്ട് സ്ലീപ്പര്‍ കോച്ചുകളിലെ ഡി റിസര്‍വേഷന്‍ ഒരു കോച്ചാക്കിയാണ് കുറച്ചത്. എസ് 8 കോച്ചിൽ കോഴിക്കോട് മുതല്‍ മംഗലാപുരം വരെയാണ് ഇനി മുതൽ ഈ സൗകര്യമുണ്ടാകുക. കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സില്‍ മൂന്ന് സ്ലീപ്പര്‍ കോച്ചുകളിലുണ്ടായിരുന്ന ഡി റിസര്‍വേഷന്‍ രണ്ടാക്കി കുറച്ചു. എസ് 7, എസ് 8 കോച്ചുകളില്‍ മാത്രമായിരിക്കും ഇനി ഈ സൗകര്യമുണ്ടാകുക. കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെയാണ് ഈ സൗകര്യം. ഈ രണ്ട് ട്രെയിനുകളിലെയും പരിഷ്‌കാരം മാര്‍ച്ച് 23 മുതല്‍ നിലവില്‍ വരും. ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ്സില്‍ രണ്ട് സ്ലീപ്പര്‍ കോച്ചുകളിലാണ് (എസ് 5, എസ് 6) ഡി റിസര്‍വേഷന്‍ സൗകര്യമുണ്ടാകുക. മാര്‍ച്ച് 24ന് ഇത് നിലവില്‍ വരും. ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ ജങ്ഷന്‍ വരെയാണ് ഡി റിസർവേഷൻ സൗകര്യമുണ്ടാകുക.
ചെന്നൈ എഗ്മോര്‍- മംഗലാപുരം എക്‌സ്പ്രസ്സില്‍ ഒരു സ്ലീപ്പര്‍ കോച്ചിലെ ഡി റിസര്‍വേഷന്‍ സൗകര്യം രണ്ടെണ്ണമാക്കി വര്‍ദ്ധിപ്പിച്ചു. എസ് 10, എസ് 11 കോച്ചുകളിലാണ് ഈ സൗകര്യമുണ്ടാകുക. അതേസമയം, തിരുച്ചിറപ്പള്ളി മുതലുണ്ടാടായിരുന്ന ഈ സൗകര്യം ഇനി മുതൽ കോയമ്പത്തൂര്‍ ജങ്ഷന്‍ മുതൽ മംഗലാപുരം വരെയാണുണ്ടാകുക. മാര്‍ച്ച് 25 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. ചെന്നൈ എഗ്മോര്‍- ചെങ്കോട്ട- എഗ്മോര്‍ എക്‌സ്പ്രസ്സിലെ (20681/82) ഡി റിസര്‍വേഷന്‍ പൂര്‍ണ്ണമായി ഒഴിവാക്കി. മാര്‍ച്ച് 23 മുതല്‍ ഇത് നിലവില്‍ വരും.
0 Comments