'മേക് ഇന്‍ ഇന്ത്യ' പദ്ധതി നല്ല ആശയമായിരുന്നെങ്കിലും പരാജയപ്പെട്ടു. ചൈന ഇന്ത്യയേക്കാൾ 10 വർഷം മുന്നിൽ: രാഹുല്‍ ഗന്ധി.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക് ഇന്‍ ഇന്ത്യ' പദ്ധതി പരാജയപ്പെട്ടെന്നും നല്ല ആശയമായിരുന്നു ഈ പദ്ധതിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗന്ധി. ചൈനീസ് കടന്നു കയറ്റത്തിന് കാരണം മേക് ഇന്‍ ഇന്ത്യയുടെ പരാജയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ചൈന ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ഭൂമി കടന്നു കയറിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച പ്രധാനമന്ത്രിയെ സേന തള്ളിയെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രബജറ്റില്‍ പുതുതലമുറക്ക് പ്രചോദനം നല്‍കുന്ന ഒന്നുമില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം കാര്യങ്ങളും മുമ്പ് പറഞ്ഞവയാണ്. സാങ്കേതിക രംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണ്. മേക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ച ശേഷം ഉത്പാദനം കുറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ല. യുപിഎ സര്‍ക്കാറിനോ എന്‍ഡിഎ സര്‍ക്കാറിനോ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉത്പാദന മേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടു. ഒരു കാലത്ത് കമ്പ്യൂട്ടറിനെ പരിഹസിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന ഇന്ത്യയെക്കാള്‍ 10 വര്‍ഷം മുന്നിലാണ്. ഇന്ത്യയില്‍ കടന്നുകയറാന്‍ ചൈനക്ക് ധൈര്യം നല്‍കുന്നത് അവരുടെ വ്യാവസായിക വളര്‍ച്ചയാണ്. കമ്പ്യൂട്ടര്‍ വിപ്ലവം വന്നപ്പോള്‍ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇലക്‌ട്രിക് മോട്ടോറുകളും ബാറ്ററികളും എഐയും ലോകത്തെ മാറ്റുന്നു. സാങ്കേതിക വിദ്യയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു തുടങ്ങുകയാണ് വേണ്ടത്. നമ്മള്‍ ഒരു നിര്‍മ്മാണ ശൃംഖലക്ക് തുടക്കം കുറിക്കണം. ചൈന ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലാണെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കയ്ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് ചെയ്യാന്‍ ഇന്ത്യയ്ക്കാകും. അമേരിക്കയുടെ നിര്‍മ്മാണ ചെലവ് നമ്മുടേതില്‍ നിന്ന് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
0 Comments