പാലിയേക്കര ടോള്‍ പിരിവിന് 13 വയസ്, ഇതുവരെ പിരിച്ചത് 1521 കോടി; കരാർ ലംഘനത്തിൽ കമ്പനിയ്ക്കെതിരേ നടപടിയെടുക്കാൻ മടിച്ച് കേരള സർക്കാർ.
തൃശൂർ: കരാര്‍ പ്രകാരമുള്ള സുരക്ഷയും സൗകര്യങ്ങളും ഒന്നും ഒരുക്കാതെ, പാലിയേക്കര ടോള്‍ കരാര്‍ കമ്പനി 13 വര്‍ഷം കൊണ്ട് പിരിച്ചെടുത്തത് 1521 കോടി രൂപ. ടോള്‍ പിരിവ് തുടങ്ങിയിട്ട് ഫെബ്രുവരി ഒന്‍പതിന് 13 വര്‍ഷം പൂര്‍ത്തിയായി. സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 11 ബ്ലാക്ക് സ്‌പോട്ടുകളില്‍ അഞ്ചിടത്ത് മാത്രമാണ് പരിഹാര നടപടി ആരംഭിച്ചത്. നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷന്‍, പുതുക്കാട്, കൊടകര, പേരാമ്പ്ര എന്നിവിടങ്ങളിലും മുപ്പതോളം തീവ്ര അപകടസാധ്യത കവലകളിലും അപകടസാധ്യതയുള്ള 20 ജങ്ഷനുകളിലും കമ്പനി ഒന്നും ചെയ്തിട്ടില്ലെന്ന് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷകക്ഷി നേതാവുമായ അഡ്വ. ജോസഫ് ടാജറ്റിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ദിവസം 42,000 വാഹനങ്ങള്‍ ടോള്‍ നല്‍കി കടന്നു പോകുന്നുണ്ടെന്നും 52 ലക്ഷം രൂപ പിരിച്ചെടുക്കുന്നുണ്ടെന്നുമാണ് രേഖയില്‍ പറയുന്നത്. എന്നാല്‍, കരാര്‍ വ്യവസ്ഥയിലെ നിര്‍മ്മാണങ്ങള്‍, പ്രത്യേകിച്ച് സുരക്ഷാ നടപടികളില്‍ പലതും പാലിക്കാന്‍ കരാര്‍ കമ്പനി തയ്യാറായില്ല. സ്ഥിരമായി അപകടമുണ്ടാകുന്ന പുതുക്കാട് കെഎസ്ആര്‍ടിസി ജങ്ഷനില്‍ പോലും ഒന്നും ചെയ്തിട്ടില്ല. 2022 നവംബറില്‍ നടന്ന സുരക്ഷാ ഓഡിറ്റിന്റെ റിപ്പോര്‍ട്ടില്‍ 11 ബ്ലാക്ക് സ്‌പോട്ടുള്‍പ്പെടെ അമ്പതോളം കവലകളില്‍ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, യു ടേണ്‍ ട്രാക്കുകള്‍, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവയാണ് പരിഹാര നടപടികളായി കാണിച്ചിട്ടുള്ളത്.
കരാര്‍ ലംഘനത്തിന്റെ പേരില്‍ കമ്പനിയെ പുറത്താക്കാന്‍ ദേശീയ ഹൈവേ അതോറിറ്റി നോട്ടീസ് നല്‍കുകയും 2243.53 കോടിരൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ആര്‍ബിട്രേഷണല്‍ ട്രിബ്യൂണലില്‍ നിലവിലുള്ള കേസില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവായത് കമ്പനിയെ പുറത്താക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തലാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
0 Comments