ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം: ആയിരക്കണക്കിന് എണ്ണപ്പന തൈകൾ കത്തി നശിച്ചു, കോടികളുടെ നഷ്ടം
പുനലൂർ: കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിലെ ഏക്കർ കണക്കിന് വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടിച്ചത്. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അഞ്ച് ഏക്കറിൽ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തൈകൾ കത്തി നശിച്ചു. കടയ്ക്കൽ, പുനലൂർ സ്റ്റേഷനുകളിലെ അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നു. കടുത്ത വേനലിൽ ഇടക്കാടുകൾക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണം. ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് തീപിടുത്തം നടന്ന എരിയകളിലേക്ക് എത്തിച്ചേരാൻ കഴിയാത്തത് തീ നിയന്ത്രണ വിധേയമാക്കാൻ തടസ്സമായിട്ടുണ്ട്.
ഓയിൽ പാം, വനം വകുപ്പിൽ നിന്ന് ലീസിനെടുത്ത ഭൂമിയിലാണ് എണ്ണപ്പന കൃഷി ചെയ്തിരിക്കുന്നത്.
ഇവിടുത്തെ പ്രധാന പ്രശ്നം കുളത്തൂപ്പുഴയിൽ ഒരു ഫയർ സ്റ്റേഷൻ ഇല്ലാലാത്തതാണെന്ന് നാട്ടുകാർ പറയുന്നു. വനമേഖലയായ ഇവിടെ ഫയർ സ്റ്റേഷൻ വേണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചിലരുടെ ഇടപെടലാണ് ഇവിടെ അനുവദിച്ച ഫയർ സ്റ്റേഷൻ മറ്റൊരിടത്തേക്ക് മാറ്റാൻ കാരണമെന്നും ആക്ഷേപമുണ്ട്. ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടില്ലെന്നതും പ്രശ്നമാണ്. റോഡുപണിക്കായുള്ള വാഹനങ്ങളിലും മറ്റും വെള്ളം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചത്. കണ്ടഞ്ചിറ എസ്റ്റേറ്റിനു പുറമെ മറ്റു എസ്റ്റേറ്റുകളിലെ തൊഴിലാളികളെയും തീ നിയന്ത്രണ വിധേയമാക്കുന്നതിനായി എത്തിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് തീപിടുത്തം നടന്ന എരിയകളിലേക്ക് എത്തിച്ചേരാൻ കഴിയാത്തത് ഈ നിയന്ത്രണ വിധേയമാക്കാൻ തടസ്സമായി.
മരങ്ങളിലേക്ക് തീ പടർന്ന് നിരവധി മരങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ഇവിടെ കാട് തെളിയ്ക്കാതെ തൈ വെച്ചു എന്നാക്ഷേപവുമുണ്ട്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ തീപിടുത്തമുണ്ടായി, കോടികളുടെ നഷ്ടം ഉണ്ടായിരുന്നു. സമീപത്ത് വനാതിർത്തിയായതിനാല്‍ ജാഗ്രത ഏറെ വേണ്ട ഭാഗമാണിത്. മറ്റൊരു ഭാഗത്ത് വീടുകൾ ഉള്ളതും ഭീഷണിയാണ്.
0 Comments