ബജറ്റില്‍ കാഞ്ഞിരപ്പള്ളിക്ക് സാംസ്‌കാരിക, കായിക, റോഡ് പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചതായി ഡോ. എന്‍. ജയരാജ് എംഎൽഎ.
കാഞ്ഞിരപ്പള്ളി: 2025-'26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ വിവിധ സാംസ്‌കാരിക, കായിക, റോഡ് പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎൽഎ അറിയിച്ചു.
കറുകച്ചാലില്‍ ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനവും സാംസ്‌കാരിക പഠനകേന്ദ്രവും നിര്‍മ്മാണത്തിന് 1 കോടി, ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഇപ്പോള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചങ്ങനാശേരി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ലൈബ്രറികള്‍ക്ക് ആശ്രയമായ കൗണ്‍സില്‍ വിഭാഗത്തിന് സ്വന്തമായ ആസ്ഥാനമന്ദിരം ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് നേരിട്ടു. സ്വന്തം ആസ്ഥാന മന്ദിരത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കറുകച്ചാലിലാണ്. ദീര്‍ഘകാലം മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായ പ്രൊഫ. കെ. നാരായണക്കുറുപ്പിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈബ്രറി പ്രവര്‍ത്തിക്കുന്നതിന് സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ചങ്ങനാശരി താലൂക്കിന്റെ മധ്യഭാഗത്തായി വരുന്ന പ്രദേശമായതിനാല്‍ താലൂക്കിലെ എല്ലായിടങ്ങളില്‍ നിന്നും എത്തിച്ചേരുന്നതിന് സൗകര്യപ്രദമാണ്. പ്രസ്തുത ഓഫീസ് സമുച്ചയം കറുകച്ചാലില്‍ വരുന്നതോടെ കറുകച്ചാല്‍ പഞ്ചായത്തിന് വരുമാന വര്‍ദ്ധനയുമുണ്ടാകും. താലൂക്ക് ആസ്ഥാനമന്ദിരത്തിന് ഒപ്പം ഒരു സാംസ്‌കാരിക പഠനകേന്ദ്രവും ആരംഭിക്കും.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പൊതുമരാമത്ത് റോഡാണ് പതിനഞ്ചാം മൈല്‍ കെകെ റോഡ്- ഇളങ്ങുളം റോഡ്. കൊല്ലം- തേനി ദേശീയപാതയില്‍ നെടുമാവില്‍ നിന്നാരംഭിച്ച് പാലാ- കൊടുങ്ങൂര്‍ റോഡില്‍ കയ്യൂരിയില്‍ എത്തിച്ചേരുകയും അവിടെ നിന്ന് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഇളങ്ങുളത്ത് എത്തിച്ചേരുകയും ചെയ്യുന്ന ഏകദേശം 9.5 കിലോമീറ്റര്‍ ദൂരം വരുന്ന കണക്ടിവിറ്റി റോഡാണ് ഇത്. ചങ്ങനാശേരി, പാമ്പാടി പ്രദേശത്തു നിന്നും പാലാ, മൂവാറ്റുപുഴ റൂട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ വളരെ തിരക്കേറിയ കൊടുങ്ങൂര്‍, പൊന്‍കുന്നം ടൗണുകളില്‍ എത്താതെ ഏകദേശം 8 കിലോമീറ്റര്‍ ദൂരം കുറവില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന റൂട്ടാണിത്. ഈ പദ്ധതി വരുന്നതോടെ പള്ളിക്കത്തോട് പഞ്ചായത്തിന്റെ ഗ്രാമീണമേഖലയിലെ വികസനത്തിന് ആക്കം കൂടും. ഈ റോഡ് ബിഎം ബിസി നവീകരണത്തിനായി 5 കോടിയുടെ അനുമതി ലഭിച്ചു.
മാലം - മാന്തുരുത്തി തൈപ്പറമ്പ് റോഡ് ബിഎം ബിസി നവീകരണത്തിനായി 7 കോടിയുടെ അനുമതി. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കറുകച്ചാല്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പൊതുമരാമത്ത് റോഡാണ് മാലം - മാന്തുരുത്തി തൈപ്പറമ്പ് റോഡ്. കോട്ടയം കോഴഞ്ചേരി സംസ്ഥാനപാതയില്‍ ആശ്രമംപടിയില്‍ നിന്നാരംഭിച്ച് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ മാന്തുരുത്തിയില്‍ എത്തിച്ചേരുന്ന ഏകദേശം 5 കിലോമീറ്റര്‍ ദൂരം വരുന്ന കണക്ടിവിറ്റി റോഡാണ് ഇത്. കോട്ടയം, പുതുപ്പള്ളി പ്രദേശത്തു നിന്നും പൊന്‍കുന്നം മണിമല റൂട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ വളരെ തിരക്കേറിയ കറുകച്ചാല്‍, നെത്തല്ലൂര്‍ ടൗണുകളില്‍ എത്താതെ ഏകദേശം 3 കിലോമീറ്റര്‍ ദൂരം ലാഭത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന റൂട്ടാണ്. ഈ പദ്ധതി വരുന്നതോടെ കറുകച്ചാല്‍ പഞ്ചായത്തിന്റെ കിഴക്കന്‍ ഗ്രാമീണമേഖലയിലെ വികസനത്തിന് ആക്കം കൂടും.
പൊന്‍കുന്നം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഗ്രൗണ്ടില്‍ കായിക അടിസ്ഥാന സൗകര്യവും നിര്‍മ്മാണം, കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ കായിക അടിസ്ഥാന സൗകര്യവികസനം. ഇത് പൂര്‍ത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കായിക അടിസ്ഥാന സൗകര്യങ്ങള്‍ ആകും.
ബജറ്റില്‍ ഉള്‍പ്പെട്ട മറ്റ് പ്രധാന പദ്ധതികള്‍ കാനം - പത്തനാട് റോഡ്, കാഞ്ഞിരപ്പാറ -കാനം റോഡ്, കന്നുകുഴി -മണിമല റോഡ്, മൂലേപ്ലാവ് - പൗവത്തുകവല - കുമ്പുക്കല്‍ - വേട്ടോര്‍പുരയിടം റോഡ്, തെക്കേത്തുകവല - ചാമംപതാല്‍ റോഡ്, മണിമല - വള്ളംചിറ - കോട്ടാങ്ങല്‍ റോഡ്, ചാരുവേലി - പൂവത്തോലി - വള്ളിയാതോട്ടം - കറിക്കാട്ടൂര്‍ -കൊവന്തപ്പടി റോഡ്, ചെങ്കല്‍ -തച്ചപ്പുഴ റോഡ്, ഇളപ്പുങ്കല്‍ - ഇടപ്പള്ളി റോഡ്, നെടുംകുന്നം - കാവനാല്‍കടവ് റോഡ്, പന്ത്രണ്ടാം മൈല്‍ - നെടുങ്കുന്നം - മൈലാടി - നെടുങ്കുന്നം - കലവറ - കണ്ണന്‍ചിറ റോഡ്, കല്ലുത്തേക്കേല്‍ - ശാസ്താംകാവ് - ചെന്നാക്കുന്ന് റോഡ്, കൂത്രപ്പള്ളി - കൊല്ലൂര്‍ റോഡ്, കൊച്ചുപറമ്പ്- ശാന്തിപുരം റോഡ് (ശാന്തിപുരം കവല നവീകരണം ഉള്‍പ്പെടെ), തോട്ടയ്ക്കാട് - ചേലമറ്റം പടി - കറുകച്ചാല്‍ എന്‍എസ്എസ് പടി റോഡ് (പാലം നിര്‍മ്മാണം ഉള്‍പ്പെടെ), കപ്പാട് -എലിക്കുളം റോഡ്, പൊന്തന്‍പുഴ- ആലപ്ര റോഡ്, പാമ്പാടി - വട്ടമല -വാഴൂര്‍ റോഡ് എന്നിവയുടെ ബിഎം ബിസി നവീകരണം എന്നിങ്ങനെയാണ് പദ്ധതികള്‍.
ധനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 20 പ്രവൃത്തികളുടെ പട്ടികയാണ് സമര്‍പ്പിച്ചിരുന്നത്. അതില്‍ തുക അനുവദിച്ചിട്ടുള്ള 3 എണ്ണമൊഴികെ ബാക്കിയുള്ളവ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ ബാക്കിയുള്ളവയ്ക്കും തുക അനുവദിക്കുമെന്നും തുക അനുവദിച്ചവയുടെ അന്തിമ അനുമതി നേടി പൂര്‍ത്തീകരണം എത്രയും വേഗം സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.
0 Comments