ന്യൂഡൽഹി: ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. രേഖ ഗുപ്ത മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. ഡൽഹിയിൽ പാർട്ടി യൂണിറ്റ് ഓഫീസിൽ ബുധനാഴ്ച വൈകിട്ട് നടന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. നീണ്ട 27 വർഷത്തിനു ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലേറുന്നത്. കെജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. സ്പീക്കറായി വിജേന്ദ്ര ഗുപ്തയെയും യോഗം നിർദ്ദേശിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ ഭരണത്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരശീല വീണത്.
വ്യാഴാഴ്ച 11 മണിയ്ക്കാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്തി ആരെന്നതിൽ ധാരണയായതെന്നതും ശ്രദ്ധേയമാണ്. 48 നിയുക്ത എംഎൽഎമാർ ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നായിരുന്നു പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി കേന്ദ്ര നിരീക്ഷകരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ബിജെപി മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്‍റായിരുന്ന രേഖ ഷാലിമാർ ബാഗ് (വടക്ക്-പടിഞ്ഞാറ്) മണ്ഡലത്തിൽ നിന്ന് 68,200 വോട്ടുകൾക്കാണ് വിജയിച്ചത്. 1996-'97 കാലഘട്ടത്തിൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റായാണ് രേഖ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. പിന്നീട് ഡൽഹി കൗൺസിലർ തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ മേയർ പദവിയും വഹിച്ചിട്ടുണ്ട്. രേഖയുടെ പരിചയ സമ്പന്നത ഡൽഹിയിൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർക്കു പുറമേ 50,000 പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments