ഇന്ന് മഹാശിവരാത്രി, ആലുവ മണപ്പുറം ഉൾപ്പടെ ശിവക്ഷേത്രങ്ങൾ ഒരുങ്ങി.
കോട്ടയം: വിശ്വാസികള്‍ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.
ശിവരാത്രി വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. സംസ്ഥാനത്ത് ആലുവാ മണപ്പുറം, തൃശൂർ വടക്കുനാഥക്ഷേത്രം, കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം, വൈക്കം, എറ്റുമാനൂർ മഹാദേവ ക്ഷേത്രങ്ങൾ തുടങ്ങിയ ഇടങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
പിതൃകര്‍മ്മതർപ്പണങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ എത്തുന്ന ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് ആരംഭിക്കുന്ന ഭക്തജനപ്രവാഹം കുംഭത്തിലെ അമാവാസിയായ വ്യാഴാഴ്ചയും തുടരും. ഇന്ന് രാത്രി നടക്കുന്നതു ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ ലക്ഷാര്‍ച്ചന, പിതൃപൂജ, പശുദാനം, കൂട്ടനമസ്‌കാരം, സായൂജ്യ പൂജ, തിലഹവനം, രാത്രി 12നു ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടര്‍ന്നാണ് ബലിതര്‍പ്പണം. ക്ഷേത്രകര്‍മ്മങ്ങള്‍ക്കു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 116 ബലിത്തറകള്‍ക്കു സ്ഥലം നീക്കിവച്ചിട്ടുണ്ട്. ബലിതര്‍പ്പണത്തിനു ദേവസ്വം ബോര്‍ഡ് നിരക്ക് 75 രൂപയാണ്. അപ്പവും അരവണയും വഴിപാടു കൗണ്ടറുകളില്‍ നിന്ന് 50 രൂപ നിരക്കില്‍ ലഭിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷം. ഭക്തജനങ്ങള്‍ക്കു 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. രാത്രി ഉറക്കമൊഴിയുന്നവര്‍ക്കു ദേവസ്വം ബോര്‍ഡ് ലഘുഭക്ഷണം നല്‍കും. കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും കെഎസ്‌ആര്‍ടിസിയും രാത്രി സ്‌പെഷല്‍ സര്‍വീസ് നടത്തും.
പാലാഴി മഥന സമയത്ത് ഉയര്‍ന്നു വന്ന കാളകൂട വിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യദിനമാണ് ശിവരാത്രി എന്നാണ് വിശ്വാസികള്‍ കരുതി പോരുന്നത്. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണ് വിശ്വാസം. അമൃത് തിരഞ്ഞുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. കാളകൂടം വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാനും പുറത്തു ചെന്നാല്‍ ലോകത്തിനും ദോഷം ചെയ്യുമെന്നതിനാല്‍ പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. ഇതുവഴി കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ തന്നെ ഇരിക്കുകയും അങ്ങനെ ലോകം രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വാസ പ്രകാരം പ്രാധാന്യമേറെയാണ്. അന്ന് നടത്തുന്ന ബലിതര്‍പ്പണത്തിലൂടെ പിതൃക്കള്‍ക്ക് മോക്ഷവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ആലുവ മണപ്പുറത്തെ ബലിതര്‍പ്പണവും ശിവരാത്രി ആഘോഷവും ഏറെ പ്രസിദ്ധമാണ്.
0 Comments