പോങ്ങൻചുവട് ഊരിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.
കോതമംഗലം: ഇടമലയാർ ഡാമിന് അപ്പുറം സ്ഥിതി ചെയ്യുന്ന വേങ്ങൂർ പഞ്ചായത്തിലെ പോങ്ങൻചുവട് ആദിവാസി കുടിയിലേക്ക് ആദ്യമായി ആരംഭിച്ച കെഎസ്ആർടിസി സർവീസ്, എംഎൽഎമാരായ അഡ്വ. എൽദോസ് കുന്നപ്പിള്ളിയും ആൻറണി ജോണും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ഏക ആദിവാസി ഊരായ പോങ്ങൻചുവടും കോതമംഗലം നിയോജക മണ്ഡലത്തിലെ താളുങ്കണ്ടവും അടുത്ത് ചേർന്നു കിടക്കുന്ന ഊരുകളാണ്. താലൂക്ക് ആസ്ഥാനങ്ങളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലും എത്തിച്ചേരണമെങ്കിൽ വലിയ തുക ജീപ്പ് സർവീസിന് മുടക്കിയാണ് ആദിവാസികൾ യാത്ര ചെയ്തു കൊണ്ടിരുന്നത്. ഇവരുടെ പഞ്ചായത്തുകൾ ആയ വേങ്ങൂരും കുട്ടമ്പുഴയിലും എത്തണമെങ്കിലും സ്ഥിതി മറ്റൊന്നുമായിരുന്നില്ല. കുട്ടികൾ ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ വിദ്യാഭ്യാസം നിർത്തുന്ന പതിവും ഇവിടെ സ്ഥിരമാണ്. പെരുമ്പാവൂർ, കോതമംഗലം എംഎൽഎമാരുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ നീക്കത്തെ തുടർന്നാണ് ബസ് അനുവദിക്കപ്പെട്ടത്. ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തുകളിലും ഊരു മൂപ്പന്മാരുടെ നേതൃത്വത്തിൽ പരാതികൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ ബസ്സ് എത്തിനിൽക്കുന്ന പോങ്ങൻചുവട് ഊരിൽ നിന്നും 22 കിലോമീറ്റർ അകലത്തിലാണ് അതിരപ്പിള്ളി ഹൈവേ കടന്നു പോകുന്നത്. വാഴച്ചാൽ, വാൽപ്പാറ, അവറക്കുഴി എന്നീ പ്രദേശങ്ങളെല്ലാം തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിലെ ചില നാഷണൽ ഹൈവേകളും ഈ പ്രദേശങ്ങളുടെ അടുത്തു കൂടിയാണ് കടന്നു പോകുന്നത്. അനന്തമായ ടൂറിസം സാധ്യതകളും അതോടൊപ്പം തമിഴ്നാട്ടിൽ നിന്നും പുതിയ ഒരു പാത കൂടി കൊച്ചിയിലേക്ക് തുറക്കാനുള്ള സാധ്യത കൂടിയാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
1972ൽ ഇടമലയാർ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിൽ താമസിച്ചിരുന്ന 200ഓളം കുടുംബങ്ങൾക്കാണ് ഈ രണ്ടു കുടികളിലായി സ്ഥലം അനുവദിച്ചത്. വന്യമൃഗ ഭീഷണി മൂലം കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.
കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ശില്പ സുധീഷ്, കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. ദാനി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. നാരായണൻ നായർ, കൗൺസിലർമാരായ കെ.എം. നൗഷാദ്, ഷിബു കുര്യാക്കോസ്, കെ.വി. തോമസ്, ജോസ് കുടിയാറ്റ്,
വേങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് (പോങ്ങൻചുവട്) മെമ്പർ ശോഭന വിജയകുമാർ, വേങ്ങൂർ പഞ്ചായത്ത് മുൻപ്രസിഡൻ്റ് ഷാജി എം.എ., ഊരിലെ പാട്ടി ചെല്ലമ്മ, എടിഒ ഷാജി കുര്യാക്കോസ്, കൺട്രോളിങ് ഓഫീസർ അനസ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
0 Comments