തിരു.: നാളെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയിൽ ഹരിത ചട്ടം പൂർണ്ണമായും പാലിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ശുചിത്വമിഷൻ അഭ്യർത്ഥിച്ചു. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കുവാനും സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണം. പൊങ്കാല അർപ്പിക്കുവാനുള്ള സാധനങ്ങൾ കഴിയുന്നതും തുണി സഞ്ചികളിൽ കൊണ്ടു വരണം, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കണം, അന്നദാനത്തിനും പാനീയ വിതരണത്തിനും പ്ലാസ്റ്റിക്, ഡിസ്‌പോസബിൾ അല്ലാത്ത പാത്രങ്ങൾ ഉപയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ശുചിത്വ മിഷൻ മുന്നോട്ടു വയ്ക്കുന്നത്.
ആറ്റുകാൽ പൊങ്കാല ഇത്തവണയും പൂർണ്ണമായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്താനുള്ള ഒരുക്കങ്ങൾ ശുചിത്വമിഷൻ പൂർത്തിയാക്കി. തിരുവനന്തപുരം കോർപ്പറേഷനും വിവിധ സർക്കാർ വകുപ്പുകൾക്കുമൊപ്പം ശുചിത്വ മിഷനും ഹരിത പൊങ്കാല സുഗമമായും സൗകര്യപ്രദമായും നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യമുക്ത പൊങ്കാലയെന്ന ആശയം യാഥാർത്ഥ്യമാക്കാനും ഭക്തരെ സഹായിക്കാനും ശുചിത്വ മിഷന്റ സ്‌ക്വാഡ് പൊങ്കാല നടക്കുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പൊങ്കാലയ്ക്കു ശേഷം അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ ബിന്നുകളിൽ ഇടുകയോ വീട്ടിൽ കൊണ്ടുപോയി ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയോ ചെയ്യണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ അഭ്യർത്ഥിച്ചു.
ഹരിത ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്തെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ എന്‌ഫോാഴ്സ്മെന്റ് സ്‌ക്വാഡും നഗരസഭയും സംയുക്തമായി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 25 കിലോയോളം പ്ലാസ്റ്റിക്കും മറ്റ് നിരോധിത ഉത്പന്നങ്ങളും പിടിച്ചെടുത്തു.
0 Comments