ന്യൂഡൽഹി: ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
വളർത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഡിവിഷൻ ബെഞ്ചിലെ നടപടികൾ പൂർണ്ണമായും സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
കേരളത്തിലെ നാട്ടാനകളുടെ കണെക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. തുടർന്നാണ് സംസ്ക്കാരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് തടയാനുള്ള നീക്കമാണ് ഹൈക്കോടതിയുടേതെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടത്. വികാസ് സിങ്ങിന് പുറമെ അഡ്വ. സി.ആർ. ജയസുകിയനും സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായി.
അതേസമയം, നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഇതോടെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ട്രാൻസ്ഫർ പെറ്റീഷൻ ദേവസ്വങ്ങൾ പിൻവലിച്ചു. ദേവസ്വങ്ങൾക്ക് തങ്ങളുടെ നിലപാട് കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അല്ലെങ്കിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ നിലവിലുള്ള ഹർജിയിൽ കക്ഷി ചേരാമെന്നും ബെഞ്ച് അറിയിച്ചു. കേസ് കേരളത്തിൽ നിന്ന് പുറത്തേക്ക് മാറ്റുകയാണ് ദേവസ്വങ്ങളുടെ ലക്ഷ്യമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിൽ ഈ വിഷയം കേൾക്കാൻ തങ്ങൾക്ക് താത്പര്യം ഇല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, അഡ്വ. എം.ആർ. അഭിലാഷ് എന്നിവരാണ് ദേവസ്വങ്ങൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
0 Comments