ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്.
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം തവണ മുത്തമിടുന്നത്. സ്കോർ - ന്യൂസിലൻഡ് 251/9 (50), ഇന്ത്യ - 254/6 (49.00).
ന്യൂസിലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ 76(83) മുന്നിൽ നിന്നു നയിച്ച കളിയാണ് ഇന്ത്യയെ കിരീടത്തിലെത്തിച്ചത്. ശ്രേയസ്സ് അയ്യർ 48(62), അക്സർ പട്ടേൽ 29(40), കെ.എൽ. രാഹുൽ 34(33)*, ശുഭ്മാൻ ഗിൽ 31(50), ഹർദിക് പാണ്ഡ്യ 18(18) എന്നിവരും ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകി. വിജയത്തിലേക്ക് 11 റൺസ് വേണ്ടിയിരിക്കെ ഹർദിക് പാണ്ഡ്യ 18(18) പുറത്തായത് ഇന്ത്യൻ പ്രതീക്ഷകൾക്ക് നേരിയ മങ്ങൽ ഏൽപ്പിച്ചെങ്കിലും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കെ.എൽ. രാഹുൽ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. നേരത്തേ വിരാട് കോലി ഒരു റൺസിന് പുറത്തായത് ഇന്ത്യൻ നിരയിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും ശ്രേയസ്സ് അയ്യരുടെയും അക്സർ പട്ടേലിന്റെയും ഇന്നിങ്സ് ഇന്ത്യയെ വീണ്ടും കളിയിലേക്ക് തിരിച്ചെത്തിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 നേടി. 63 റൺസ് എടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. അവസാനം വരെ പിടിച്ച നിന്ന മൈക്കിൾ ബ്രേസ് വെല്ലാണ് 53(40) സ്കോർ 250 കടത്തിയത്. രചിൻ രവീന്ദ്ര (37), ഗ്ലെൻ ഫിലിപ്സ് (34) എന്നിവരും കിവീസിനായി മികച്ച പ്രകടനം കാഴ്ചവച്ചു. വരുൺ ചക്രവർത്തിയും കുൽദീപ് യാദവും 2 വീതം വിക്കറ്റുകൾ വീഴ്ത്തി.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് പ്ലെയർ ഓഫ് ദി മാച്ച്. ന്യൂസിലൻഡിനെതിരായ
ഫൈനലിൽ 83 പന്തിൽ നിന്നും 76 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിനാണ് രോഹിത് ശർമ്മയെ പ്ലെയർ ഓഫ് ദി മാച്ചായി തെരെഞ്ഞെടുത്തത്. ബാറ്റിംഗിലും, ബൗളിംഗിലും
പുലർത്തിയ മികവിനെ അടിസ്ഥാനമാക്കി ഇന്ത്യൻ വംശജൻ കൂടിയായ ന്യൂസിലാൻഡിൻ്റെ രചിൻ രവീന്ദ്രയെ ടൂർണ്ണമെൻ്റിലെ താരമായും തെരെഞ്ഞെടുത്തു.
0 Comments