സിപിഐഎം സമ്മേളനം: പിണറായിയ്ക്കും ശൈലജയ്ക്കും പ്രശംസ, ഐസക്കിനും സ്വരാജിനും ഉപദേശം.
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ. പാര്‍ട്ടി ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ നേതാക്കള്‍ നടത്തുന്ന ഇടപെടല്‍ വിശകലനം ചെയ്യുന്ന ഭാഗത്താണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. പിബി അംഗമെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയന്‍ പാര്‍ട്ടി കേന്ദ്രത്തെ സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പിണറായി വിജയന്‍ എകെജി സെന്ററില്‍ വരാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ക്യാമ്പയിന്‍ രംഗത്തും സജീവമായി ഇടപെടുന്ന പിണറായി വിജയന്‍, പരമാവധി സമയം നല്‍കി പാര്‍ട്ടിയെ സഹായിക്കുന്നുണ്ട്. മാതൃകാപരമായ ഒരു രീതിയാണിതെന്നും റിപ്പോര്‍ട്ട് പ്രശംസിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോര്‍ട്ടില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്നും രാഷ്ട്രീയകാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ട് പറഞ്ഞു വെയ്ക്കുന്നു. കെ.കെ. ശൈലജയെയും റിപ്പോര്‍ട്ട് പ്രശംസിക്കുന്നു. പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് അടക്കമുള്ളവരുടെ പാര്‍ലമെന്ററി സംഘടനാ പ്രവര്‍ത്തനങ്ങളെയും റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്. പി. രാജീവ് എറണാകുളം ജില്ലാ കമ്മിറ്റിയെ സംഘടനാ രംഗത്ത് സഹായിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിയമസഭയിലും പുറത്തും ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ചും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നന്നായി പ്രതികരിച്ച് വ്യക്തത വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രശംസയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് കെ.എന്‍. ബാലഗോപാലിനുള്ള പ്രശംസ.
തോമസ് ഐസക്കിനും എം. സ്വരാജിനും റിപ്പോര്‍ട്ടില്‍ ഉപദേശവും നല്‍കുന്നുണ്ട്. അവൈലവബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നാണ് ഇരുവര്‍ക്കുമുള്ള നിര്‍ദ്ദേശം. ഇരുവരും മറ്റ് ചുമതലകള്‍ തൃപ്തികരമായി നിര്‍വ്വഹിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
0 Comments