എടത്വ പള്ളി പെരുന്നാളിന് കൊടിയേറി.ആലപ്പുഴ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ 5.45ന് മധ്യസ്ഥപ്രാർത്ഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവക്ക് ശേഷം എട്ടു മണിയോടെ ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻ കൊടി ആശീർവ്വദിച്ച് ഉയർത്തിയതോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
തിരുനാൾ കോർഡിനേറ്റർ ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യൻ പുത്തൻപുര, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കൽ, ഫാ. സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യൻ മനയത്ത്, ഫാ. ജോസഫ് വെമ്പേനിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.
മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30ന് തമിഴ് കുർബാന, 5.45, 7.45, 10.00, വൈകുന്നേരം നാല്, ആറ് സമയങ്ങളിൽ മധ്യസ്ഥ പ്രാർത്ഥന, ലദീഞ്ഞ്, കുർബാന, രാത്രി ഏഴിന് കുരിശടിയിൽ മധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും. മേയ് മൂന്നിന് വിശുദ്ധൻ്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് തിരക്കേറും. പ്രധാന തിരുനാൾ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. മെയ് 14നാണ് എട്ടാമിടം. അന്ന് ചെറിയ രൂപവും എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയിൽ മടങ്ങിയെത്തുന്നതോടെ കൊടിയിറക്കും. രാത്രി ഒൻപതിന് തിരുസ്വരൂപം നടയിൽ പ്രതിഷ്‌ഠിക്കുന്നതോടെ തിരുനാൾ കാലത്തിന് സമാപനമാകും. തിരുനാളിൽ പങ്കെടുക്കാനായി തീർത്ഥാടകർ ഇന്നലെ മുതലേ തന്നെ പള്ളിയിൽ എത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് ഏറെയും എത്തുന്നത്.
ഇത്തവണത്തെ തിരുനാളിന് പാലക്കാട് സുൽത്താൻപേട്ട് രൂപത ബിഷപ്പ് റവ. ഡോ. പീറ്റർ അബീർ അന്തോനിസ്വാമി, സീറോ മലബാർ കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, തിരുവല്ലാ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, പാളയംകോട്ട് ബിഷപ്പ് എമിരിറ്റസ് റവ. ഡോ. ജൂഡ് പോൾ രാജ്, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പെരുന്തോട്ടം, തൂത്തുക്കുടി രൂപത ബിഷപ് റവ. ഡോ. സ്റ്റീഫൻ ആന്റണി പിള്ളൈ എന്നിവർ നേതൃത്വം നൽകും.
0 Comments