വിഴിഞ്ഞം തുറമുഖം: കമ്മീഷനിംഗിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണം. തിരു.: വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണം. ചടങ്ങിൽ പങ്കെടുക്കുവാൻ ക്ഷണിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് മന്ത്രി വി.എൻ. വാസവൻ കത്തയച്ചു. അതേസമയം, പരിപാടിയിൽ പ്രതിപക്ഷ നേതാവിന്റെ റോൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
കമ്മീഷനിംഗ് സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്നും ആഘോഷ പരിപാടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചതു കൊണ്ടാണ് ക്ഷണിക്കാത്തത് എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാറിന്റെ വാർഷിക ആഘോഷത്തിനാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ മറുചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങളിലേക്ക് പ്രതിപക്ഷത്ത് നിന്നും സ്ഥലം എംപി ശശി തരൂരിനും എംഎൽഎ എം വിൻസെൻറിനും മാത്രമായിരുന്നു ക്ഷണം. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്. തുറമുഖ കമ്മീഷനിങ്ങ് സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികപരിപാടിയുടെ ഭാഗമാണ്. വാർഷികാഘോഷങ്ങൾ പ്രതിപക്ഷം ബഹിഷ്ക്കരിക്കുമ്പോൾ ഈ പരിപാടിയിലേക്ക് ക്ഷണിക്കേണ്ട എന്ന് തീരുമാനിച്ചുവെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കഴിഞ്ഞ വർഷം ട്രയൽ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നപ്പോൾ കമ്മീഷനിംഗിനെ വിളിക്കുമെന്ന് വിശദീകരിച്ച സർക്കാറാണ് ഇപ്പോൾ മലക്കം മറിഞ്ഞത്. പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാർ വാർഷികത്തിനാണോ എന്ന് സർക്കാറും ബിജെപിയും വ്യക്തമാക്കണമെന്ന് പറഞ്ഞായിരുന്നു യുഡിഎഫ് പ്രതിഷേധം. സന്ദർശനത്തിന്റെ ഒരുക്കം വിലയിരുത്താൻ വിഴിഞ്ഞത്ത് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തതും കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തുടക്കം മുതൽ രാഷ്ട്രീയപ്പോരുണ്ട്.
2023ൽ ആദ്യ ചരക്ക് കപ്പൽ എത്തിയപ്പോൾ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നു. അന്ന് ക്രെഡിറ്റ് മുഴുവൻ ഉമ്മൻ ചാണ്ടിക്ക് നൽകിയ സതീശന്റെ പ്രസംഗത്തിൽ എൽഡിഎഫിന് അതൃപ്തി ഉണ്ടായിരുന്നു.
0 Comments