ഭാഗ്യക്കുറികളുടെ സമ്മാനഘടനയിലും പേരിലും മാറ്റം. തിരു.: സംസ്ഥാന ലോട്ടറിയുടെ ബംബറിൽ മാത്രമല്ല, ഏഴ് പ്രതിവാര ഭാഗ്യക്കുറികളിലും സമ്മാനഘടനയിലും പേരിലും മാറ്റം വരുത്തി. ഒന്നാം സമ്മാനം ഒരുകോടി രൂപയും ടിക്കറ്റു വില 50 രൂപയുമാക്കിയ ഭാഗ്യക്കുറികളുടെ വിൽപ്പന തുടങ്ങി.
ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറിയാണ് വിപണിയിലെത്തുക. ഭാഗ്യതാര (തിങ്കൾ), സ്ത്രീ ശക്തി (ചൊവ്വ), ധനലക്ഷ്‌മി (ബുധൻ), കാരുണ്യ പ്ലസ് (വ്യാഴം), സുവർണ്ണ കേരളം (വെള്ളി), കാരുണ്യ (ശനി) എന്നിങ്ങനെ തുടർദിവസങ്ങളിലുള്ള ലോട്ടറികൾ. 'സുവർണ കേരളം' ടിക്കറ്റ് കഴിഞ്ഞ വെള്ളിയാഴ്ച വിപണിയിൽ എത്തി.
ഞായറാഴ്‌ചത്തെ 'അക്ഷയ' ടിക്കറ്റിന് പകരമുള്ള 'സമൃദ്ധി'യുടെയും തിങ്കളാഴ്‌ചത്തെ 'വിൻ വിൻ' ടിക്കറ്റിന് പകരമുള്ള 'ഭാഗ്യതാര'യുടെയും രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. നിലവിൽ 'വിൻ വിൻ' ലോട്ടറിയുടെ ഒന്നാം സമ്മാനമായിരുന്നു 75 ലക്ഷം രൂപ. 'അക്ഷയ' ഒന്നാം സമ്മാനമായി നൽകിയിരുന്നത് 70 ലക്ഷമാണ്. വ്യാഴാഴ്‌ചത്തെ 'കാരുണ്യ പ്ലസ്', ബുധനാഴ്‌ചത്തെ 'ഫിഫ്റ്റി - ഫിഫ്റ്റി'ക്ക് പകരമായെത്തുന്ന 'ധനലക്ഷ്‌മി', ശനിയാഴ്‌ചത്തെ 'കാരുണ്യ' ടിക്കറ്റുകളുടെ രണ്ടാം സമ്മാനം 50 ലക്ഷവും ചൊവ്വാഴ്ചത്തെ 'സ്ത്രീശക്തി'യുടേത് 40 ലക്ഷവുമാക്കി. വെള്ളിയാഴ്‌ചത്തെ 'നിർമ്മൽ' ടിക്കറ്റിന് പകരമെത്തുന്ന 'സുവർണ്ണ കേരള'ത്തിന് രണ്ടാം സമ്മാനം 30 ലക്ഷമാണ്. 'സ്ത്രീശക്തി', 'സുവർണ കേരളം', 'സമൃദ്ധി' ടിക്കറ്റുകൾക്ക് മൂന്നാം സമ്മാനം 25 ലക്ഷം രൂപയും 'ധനലക്ഷി' ടിക്കറ്റിന് മൂന്നാംസമ്മാനം 20 ലക്ഷവുമാകും. ദിവസം മൂന്നുലക്ഷം സമ്മാനമെന്നത് ഇനി ആറരലക്ഷം സമ്മാനങ്ങളാകും. എട്ട് സമ്മാനമെന്നത് 10 ആക്കി ഉയർത്തി.
അവസാന സമ്മാനം നൂറ് രൂപ ആയിരുന്നത് 50 രൂപയാക്കി. നിലവിൽ 1.08 കോടി ടിക്കറ്റുകളാണ് വിൽക്കുന്നത്. പുതിയതായി 96 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനക്കെത്തിച്ചത്. പരിഷ്‌കരിച്ച ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് മെയ് രണ്ടിന് നടക്കും. 'സുവർണ്ണ കേരളം' ലോട്ടറിയാണ് നറുക്കെടുക്കുക. പഴയ ലോട്ടറിയിലെ 'ഫിഫ്റ്റി ഫിഫ്റ്റി'യുടെ അവസാന വിൽപ്പന ബുധനാഴ്ചയോടെ അവസാനിക്കും.
0 Comments