Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോടതികൾ വിവരാവകശ നിയമത്തിന് പുറത്തല്ല. റൂൾ 12 പ്രകാരം എല്ലാ വിവരവും നിഷേധിക്കാനാവില്ല.

കോടതികൾ വിവരാവകശ നിയമത്തിന് പുറത്തല്ല. റൂൾ 12 പ്രകാരം എല്ലാ വിവരവും നിഷേധിക്കാനാവില്ല.
തിരു.: കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്നും റൂൾ 12 പ്രകാരം എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷൻ. സംസ്ഥാനത്തെ ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുണ്ടെന്നും ജൂഡീഷ്യൽ പ്രൊസീഡിംഗ്സ് അല്ലാത്ത ഒരു വിവരവും നിഷേധിക്കാൻ പാടില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കീം ഉത്തരവിൽ വ്യക്തമാക്കി.  
         സുപ്രീം കോടതിയും രാജ്യത്തെ പ്രധാന കോടതികളും നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ കീഴ്കോടതികൾ അപേക്ഷിക്കുന്ന വിവരങ്ങൾ പോലും നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ജൂഡീഷ്യൽ ഓഫീസർമാരുടെ പരിഗണനയിൽ ഇരിക്കുന്നതും ജുഡീഷ്യൽ പ്രൊസീഡിംഗ്സും മാത്രമേ ആർടി ഐ പ്രകാരം ലഭിക്കാതുള്ളൂ. ബാക്കി എല്ലാ വിവരങ്ങളും ലഭിക്കാൻ പൗരന് അവകാശമുണ്ട്. 
         തൃശൂർ ചാലക്കുടി മുൻസിഫ് കോടതിയിലെ വിവരാധികാരിക്ക് എതിരെ ലഭിച്ച പരാതി ഹർജി തീർപ്പാക്കിയാണ് കമ്മീഷന്റെ ഉത്തരവ്. മലപ്പുറം ചേലമ്പ്ര ജോസഫ് ജേക്കബ്  2021 ജൂണിലും ജൂലൈയിലും വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ നല്കിയ വിവരാവകാശ അപേക്ഷകൾ റൂൾ 12 പ്രകാരം കോടതി വിവരങ്ങൾ പുറത്ത് നല്കാൻ കഴിയില്ലെന്ന വിശദീകരണത്തോടെ വിവരാധികാരി അജിത്കുമാർ തള്ളിയിരുന്നു. ലേല സന്നദ്, വക്കാലത്ത് പകർപ്പ് എന്നിവയുടെയും അനുബന്ധ രേഖകളുടെയും കോപ്പികളാണ് ജോസഫ് ആവശ്യപ്പെട്ടത്. എന്നാൽ, കീഴ്കോടതികളും ട്രിബ്യൂണലുകളും സംബന്ധിച്ച ചട്ടം 12 പ്രകാരം അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു വിവരാധികാരി.  ജോസഫിന്റെ പരാതി ഹർജിയിൽ വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ പുതിയ വിവരാധികാരി അപേക്ഷകന് വിവരങ്ങൾ ലഭ്യമാക്കി. എങ്കിലും ജോസഫ് പരാതിയിൽ ഉറച്ചു നിന്നതിനാൽ, വിവരം നിഷേധിച്ച  മുൻസിഫ് കോടതിയിലെ വിരമിച്ച വിവരാധികാരി അജിത് കുമാറിനെതിരെ ആർടിഐ നിയമം 20(1) പ്രകാരം ശിക്ഷാനടപടി സ്വീകരിക്കാനും കമ്മീഷൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിശദീകരണവുമായി എതിർകക്ഷി മേയ് 28ന് കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകണമെന്നും നിർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement